അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ദുരിതയാത്ര പാതിരാത്രിയില്‍

കൃത്യസമയത്ത് ആംബുലൻസിന്റെ സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലേക്കും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്

Update: 2022-12-11 04:48 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണിമഞ്ചലിൽ ചുമന്ന് ദുരിതയാത്ര. പുലര്‍ച്ചെ മൂന്നര കി.മീറ്റർ ദൂരമാണ് ഗര്‍ഭിണിയുമായി ആംബുലന്‍സിലെത്തിക്കാന്‍ ബന്ധുക്കള്‍ നടന്നത്. 

അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. സുമതി മുരുകൻ(25) എന്ന യുവതിയെയാണ് കി.മീറ്ററുകളോളം തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയിൽ യുവതി പരിശോധനയ്‌ക്കെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി ഊരിലേക്ക് മടങ്ങുകയും ചെയ്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് പ്രസവവേദന അനുഭവപ്പെടുന്നത്. തുടർന്ന് ആംബുലൻസിനായി വിളിച്ചു. എന്നാൽ, ഇവരുടെ ഊരിലേക്ക് ആംബുലൻസിന് എത്താൻ ഗതാഗതസൗകര്യമില്ല. ആനവായി ഫോറസ്റ്റ് ചെക്‌പോസ്റ്റ് വരെ മാത്രമേ ആംബുലൻസിന് എത്താനാകൂ. അതുകഴിഞ്ഞുള്ള വനപാതയിലൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമില്ല.

എന്നാൽ, ഇവർക്ക് കൃത്യസമയത്ത് ആംബുലൻസിന്റെ സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലേക്കും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്. തുടർന്നാണ് ഇവർ ഗർഭിണിയെ തുണിമഞ്ചലിൽ കെട്ടി നടന്നത്. തുടർന്ന് ആംബുലൻസിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ചരയോടെ ആശുപതിയിലെത്തിക്കുകയും യുവതി പ്രവസിക്കുകയും ചെയ്തു. കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News