ചർച്ചകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ ഇസ്‌ലാംഭീതിയുടെ മറ്റൊരു വാതിൽ: ഡോ. ടി.ടി ശ്രീകുമാർ
'മതേതരത്വവും യുക്തിചിന്തയും ഇസ്‌ലാമോഫോബിയ മറയ്ക്കാനുള്ള മൂടുപടമായി മാറിക്കൊണ്ടിരിക്കുന്നു'
കോഴിക്കോട്: വിവിധ മുസ്‌ലിം സംഘടനകൾ ആർഎസ്എസ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ഡോ. ടി.ടി ശ്രീകുമാർ. ചർച്ചകൾക്ക് എതിരെ നടക്കുന്ന അധിക്ഷേപങ്ങൾ ഇസ്‌ലാംഭീതിയുടെ വാതിൽ തുറക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു. എഴുത്തുകാരനും ചിന്തകനുമായ കെ.കെ ബാബുരാജ് വിഷയത്തിൽ സാമൂഹ്യമാധ്യമത്തിലെഴുതിയ കുറിപ്പിന് താഴെയാണ് ടി.ടി ശ്രീകുമാറിന്റെ പ്രതികരണം.
'ചർച്ചയ്‌ക്കെതിരെയുള്ള അധിക്ഷേപങ്ങൾ ഇസ്‌ലാമോഫോബിയയുടെ മറ്റൊരു കിളിവാതിലാണ്. മതേതരത്വവും യുക്തിചിന്തയും ഇസ്‌ലാമോഫോബിയ മറയ്ക്കാനുള്ള അനുയോജ്യമായ മൂടുപടമായി മാറിക്കൊണ്ടിരിക്കുന്നു' - എന്നാണ് ശ്രീകുമാർ എഴുതിയത്.
ആർഎസ്എസ്-മുസ്‌ലിം നേതൃചർച്ചയിൽ സെക്യുലറിസ്റ്റുകളുടെ വേവലാതി എന്തിനെന്നാണ് കെ.കെ ബാബുരാജ് സമൂഹമാധ്യമത്തിൽ ചോദിച്ചിരുന്നത്.
'ഇന്ത്യയിലെ സെക്യുലറിസം മൃദുഹിന്ദുത്വം ആണെന്ന് എല്ലാവർക്കും അറിയാം. ഇതേ സെക്യുലർ ഭരണകൂടങ്ങൾ നിലനിന്നപ്പോൾ തന്നെയാണ് ആയിരക്കണക്കിന് മുസ്‌ലിം വംശഹത്യാ കലാപങ്ങൾ ഉണ്ടായതും ബാബരി മസ്ജിദ് പിടിച്ചെടുക്കാനുള്ള ഭരണകൂട ഗൂഢാലോചന നടന്നതും. സംഘ് പരിവാർ വാതിലുകൾ അടച്ചാണ് പ്രവർത്തിക്കുന്നത്. അതിനോടുള്ള പ്രതിരോധമായി ഇന്ത്യയിലെ മുസ്‌ലിംകൾ തിരിച്ചു വാതിലുകൾ മുഴുവൻ അടച്ചാൽ അപരത്വം ദൃഢമാവുമെന്നതല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല. - ബാബുരാജ് എഴുതി.
കെ.കെ ബാബുരാജിന്റെ കുറിപ്പ്
ഇന്ത്യയിലെ ജാതി വ്യവസ്ഥ ഉറഞ്ഞു പോയതിനെ പറ്റി ഡോ. അംബേദ്കർ പറഞ്ഞ ഒരുകാര്യം, മാംസം കഴിക്കുന്നവരും ബുദ്ധ മതാനുയായികളും എന്ന നിലയിൽ വലിയൊരു ജനവിഭാഗത്തെ അസ്പ്രശ്യരായി കണ്ടുകൊണ്ടു അവരോട് സംവദിക്കാനുള്ള എല്ലാ വാതിലുകളും ബ്രാഹ്‌മണർ അടച്ചു എന്നതാണ്. ബ്രാഹ്‌മണർ വാതിലുകൾ അടച്ചതോടെ തിരിച്ചു അസ്പ്രശ്യരും വാതിലുകൾ കൊട്ടിയടച്ചു. ഇപ്രകാരം ഇരുവശങ്ങളിലെയും വാതിലുകൾ അടക്കപ്പെട്ടത്തോടെ ജാതി വ്യവസ്ഥ ദൃഢമാവുകയും അത് നൂറ്റാണ്ടുകളോളം തുടരാൻ ഇടവരുകയും ചെയ്തു.
ഇതെഴുതാൻ കാരണം ജമാ അത്തെ ഇസ്ലാമിയും ഇതര മുസ്ലീം സംഘടനകളും ആർ. എസ്. എസുമായി ചർച്ച നടത്തുന്നതിനെ നിഷേധപരമായി കാണുന്നില്ല എന്നതിനാലാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ ആർ. എസ്. എസ്. വംശീയ പ്രത്യയ ശാസ്ത്രം കയ്യാളുന്നവരും നാസി സംഘടന തത്വം പാലിക്കുന്നവരുമാണ്. ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നു എന്ന് തോന്നുമെങ്കിലും അവർ അടിസ്ഥാനപരമായി അഖണ്ഡ ഭാരതം, സാംസ്‌കാരിക ദേശീയവാദം മുതലായ കല്പനകളാണ് നിർമ്മിച്ചെടുക്കുന്നത്. ഇത്തരം കല്പനകളുടെ സ്വാഭാവിക അപരരാണ് മുസ്ലീങ്ങൾ. ബാഹ്യ അപരർ പാകിസ്താനുമാണ്.
ഇങ്ങനെ നോക്കുമ്പോൾ അവർ വാതിലുകൾ അടിച്ചിട്ടാണ് പ്രവർത്തിക്കുന്നത്. അതിനോടുള്ള പ്രതിരോധമായി ഇന്ത്യയിലെ മുസ്ലീങ്ങൾ തിരിച്ചു വാതിലുകൾ മുഴുവൻ അടച്ചാൽ മേല്പറഞ്ഞ അപരത്വവും ദൃഢമാവും എന്നതല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല.
ആർ. എസ്. എസ്. ചർച്ചക്ക് തയ്യാറാവുന്നത് അന്താരാഷ്ട്ര തലത്തിൽ അവർക്കുള്ള ദുഷ്പേര് കഴുകികളയാനും തുടർ ഭരണം ഉണ്ടായാൽ ദേശീയ അസ്വസ്ഥതകൾ പരമാവധി കുറക്കാനുമാണെന്നത് പകൽ പോലെ വ്യക്തമാണ്. ഇതേ സമയം മുസ്ലീം സമുദായത്തെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിലെ അടിത്തട്ടിൽ വരെ വ്യാപിച്ച മുസ്ലീം വെറുപ്പും ഹേറ്റ് സ്പീച്ചുകളും ബുൾഡൊസർ വാഴ്ചയും മത -സാംസ്‌കാരിക ചിഹ്നങ്ങളുടെ തുടച്ചുമാറ്റലും കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾക്ക് അവസാനം വരുത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഭരണ വർഗ്ഗത്തോട് പുനർചിന്തനം വേണമെന്ന് പറയാൻ കിട്ടുന്ന അവസരങ്ങൾ അവർ പാഴാക്കുന്നത് എന്തിനാണ്?.
ഇന്ത്യയിലെ സെക്യൂലറിസം മൃദു ഹിന്ദുത്വ മാണെന്ന് എല്ലാവർക്കും അറിയാം. ഇതേ സെക്കുലർ ഭരണ കൂടങ്ങൾ നിലനിന്നപ്പോൾ തന്നെയാണ് ആയിരക്കണക്കിന് മുസ്ലീം വംശ ഹത്യ കലാപങ്ങൾ ഉണ്ടായതും ബാബരി മസ്ജിത് പിടിച്ചെടുക്കാനുള്ള ഭരണകൂട ഗൂഢാലോചന നടന്നതും.
മുസ്ലീം സംഘടനകൾ ആർ. എസ്. എസുമായി ചർച്ച ചെയ്യുന്നതിൽ ഇന്ത്യയിലെ സെക്യൂലറിസ്റ്റുകൾക്ക് വേവലാതിപെടാൻ ഒന്നുമില്ല. അവർ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് കീഴടങ്ങാൻ അല്ല പോകുന്നത്.
മറ്റൊരു കാര്യം. ഒ. വി. വിജയനെ പോലുള്ള എഴുത്തുകാർ ഇത്തരം ചർച്ചകൾ നടക്കണമെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നതാണ്.
Summary: Dr. TT Sreekumar reaction on RSS-Muslim leaders discussion