'പരാമർശം സ്ഥാനാർഥിക്ക് ക്ഷീണമുണ്ടാക്കി'; പി.സി ജോർജിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി തുഷാർ വെള്ളാപ്പള്ളി
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻറണിക്കെതിരെയുള്ള പി.സി ജോർജിന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി
തിരുവനന്തപുരം/പത്തനംതിട്ട: ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ പി.സി ജോർജിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻറണിക്കെതിരെയുള്ള പി.സി ജോർജിന്റെ പരാമർശം ക്ഷീണമുണ്ടാക്കിയെന്ന് കാണിച്ചാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്ക് അദ്ദേഹം പരാതി നൽകിയത്. വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ ആവശ്യപ്പെടും.
അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയെന്നും അദ്ദേഹം പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞിരുന്നു. 'ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആൻറണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആൻറണി കോൺഗ്രസാണ്. അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..'പി.സി ജോർജ് പറഞ്ഞു.
കാസയുൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പി.സി ജോർജ് ഒരു ചാനലിനോട് പറഞ്ഞു. പത്തനംതിട്ടയിൽ തന്നെ മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവർ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോർജ് പറഞ്ഞു.''സ്ഥാനാർഥിയാവുന്ന കാര്യം ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. പത്തനംതിട്ടയിൽ ആര് സ്ഥാനാർഥിയാവണം എന്നതിനെ കുറിച്ച് ബി.ജെ.പി നേതൃത്വം ഒരു അഭിപ്രായ സർവേ നടത്തി. അതിൽ 95 ശതമാനം പേരും എന്റെ പേരാണ് പറഞ്ഞത്. അല്ലാതെ സ്ഥാനാർത്ഥിത്വം ഞാനാവശ്യപ്പെട്ടിട്ടില്ല. പാർട്ടി നേതൃത്വം നിൽക്കാൻ ആവശ്യപ്പെട്ടാൽ നിൽക്കും. അനിൽ ആന്റണിക്ക് കേരളവുമായി അധികം ബന്ധമില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ഞങ്ങൾ അടുത്തടുത്താണ് ഇരുന്നത്. അന്നൊന്നും പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുമെന്ന കാര്യം അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
അതിനിടെ, പി.സി ജോർജിനെ അനുനയിപ്പിക്കാനൊരുങ്ങുകയാണ് അനിൽ ആന്റണി. പൂഞ്ഞാറിലെ വീട്ടിലെത്തി അദ്ദേഹം പിസി ജോർജുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥിത്വം നഷ്ടമായതിലെ കടുത്ത അതൃപ്തിയിലാണ് പി.സി. പി.സി ജോർജിനെ ഒഴിവാക്കി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയതിൽ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്.