ഇടുക്കിയില്‍ വയോധികയുടെയും മകന്‍റെയും വീടിന് തീയിട്ടു; മകളുടെ ഭര്‍ത്താവ് പിടിയില്‍
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു
ഇടുക്കി: പൈനാവിൽ രണ്ടു വീടുകൾക്ക് തീയിട്ട പ്രതി പിടിയില്‍. അമ്പത്തിയാറ് കോളനിയിലെ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണ് വീടുകള്‍ക്ക് തീയിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒളിവിൽ കഴിയുന്നതിനിടെ തമിഴ്നാട് അതിർത്തി പ്രദേശത്ത് നിന്നാണ് സന്തോഷ് ഇടുക്കി പൊലീസിൻ്റെ പിടിയിലായത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തമുണ്ടാകുന്ന സമയത്ത് രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല.അതുകൊണ്ട് ആളപായമുണ്ടായില്ല. തീ പടരുന്നത് കണ്ട നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. പൊള്ളലേറ്റ ഇരുവരും ആരോഗ്യനില വീണ്ടെടുത്തു. സന്തോഷിൻ്റെ ഭാര്യ വിദേശത്താണ്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു.