'കട്ടപ്പുറത്തെ കേരള സർക്കാർ'; കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്ന് യു.ഡി.എഫ് ധവളപത്രം
ഈ സ്ഥിതിയെങ്കിൽ കേരളത്തിന്‍റെ കടം ഭാവിയിൽ നാല് ലക്ഷം കോടിയിൽ എത്തുമെന്നും യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ പറയുന്നു.
കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്ന് യു.ഡി.എഫ് ധവളപത്രം. ഈ സ്ഥിതിയെങ്കിൽ കടം ഭാവിയിൽ നാല് ലക്ഷം കോടിയിൽ എത്തുമെന്നും യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ പറയുന്നു.
ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. കേന്ദ്രസർക്കാരിന്‍റെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ വിമര്‍ശിക്കുന്നുണ്ട്. 'കട്ടപ്പുറത്തെ കേരള സർക്കാർ' എന്നാണ് യു.ഡി.എഫ് പുറത്തുവിട്ട രേഖക്ക് പേരിട്ടിരിക്കുന്നത്.
കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തില്‍ താഴെയെങ്കിലും നിൽക്കണം. എന്നാല്‍ 2027 ആകുമ്പോഴേക്കും ഇത് 38.2 ശതമാനം ആകുമെന്നാണ് ആര്‍.ബി.ഐ പ്രവചിച്ചത്. പക്ഷേ ആ പ്രവചനങ്ങളെയെല്ലാം കവച്ചുവെച്ച് ഇപ്പോൾ തന്നെ അനുപാതം 39.1% ആയിക്കഴിഞ്ഞെന്നും വലിയ സംസ്‌ഥാനങ്ങളെക്കാൾ ഇത് അപകടകരമാണെന്നും യു.ഡി.എഫ് ധവളപത്രം പറയുന്നു.
ഒന്നാം ധവളപത്രത്തിൽ 2019ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് കിഫ്ബിയുടെ പക്കൽ ഇപ്പോൾ 3419 കോടി രൂപ മാത്രമാണുള്ളത്. ഇതുകൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നതെന്നും യു.ഡി.എഫ് ചോദിക്കുന്നു.
ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണെന്നും അതിനോടൊപ്പം ധൂർത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകർന്നെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സി.പി ജോണിന്‍റെ നേതൃത്വത്തിൽ എന്‍.കെ പ്രേമചന്ദ്രന്‍,എൻ. ഷംസുദ്ദീൻ,മാത്യു കുഴല്‍നാടന്‍,കെ.എസ് ശബരീനാഥന്‍,പി.സി തോമസ്, ജി.ദേവരാജന്‍ തുടങ്ങിയവർ ചേര്‍ന്നാണ് ധവളപത്രം തയ്യാറാക്കിയത്.