'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്'- ഉണ്ണി മുകുന്ദൻ
ആനി ശിവ എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് നടൻ ഉണ്ണി മുകുന്ദൻ. പൊലീസ് ഓഫീസർ ആനി ശിവയെ അഭിനന്ദിച്ച ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഉണ്ണിയുടെ പ്രതികരണം.
"പത്തു വർഷങ്ങൾക്ക് മുൻപ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക", ഈ വാക്കുകളാണ് ആനി ശിവ എന്ന പൊലീസ് ഓഫീസറെ ഹീറോയാക്കി മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് ആനി ശിവ തന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധിപേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആനി ശിവ എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്
The real fighter 🔥🔥Inspiration For All
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 'ഒരു ജീവിതകാലത്തെ മുഴുവൻ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകൾ ഒരു സിനിമാക്കഥയിൽ ആണെങ്കിൽ എഴുന്നേറ്റു നിന്ന് നമ്മൾ കയ്യടിക്കും'- വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;
"പത്തു വർഷങ്ങൾക്ക് മുൻപ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക' ഒരു ജീവിതകാലത്തെ മുഴുവൻ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകൾ ഒരു സിനിമാക്കഥയിൽ ആണെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മൾ.
ആൺകോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെൺമക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊൻകിരണമാണ് ആനി ശിവയുടെ ജീവിതം. ഇതിനിടയിൽ അനുഭവിക്കാത്തതായി ഒന്നും ഇല്ല.
പക്ഷെ അതിനെയെല്ലാം എതിർത്ത് സ്വന്തം മകനെയും ചേർത്ത് നിർത്തി ഈ സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അവൾ ഒരു ഐക്കൺ ആവുകയാണ്. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവ. അധികം വൈകാതെ നേരിട്ട് കണ്ട് എനിക്ക് സബ് ഇൻസ്‌പെക്ടർ ആനി ശിവയെ ഒന്ന് അഭിനന്ദിക്കണം.