ഒരേയൊരു ലീഡര്‍ മാത്രം, ക്യാപ്റ്റന്‍ - ലീഡര്‍ വിളികളുടെ കെണിയില്‍ ഞാന്‍ വീഴില്ല: വി.ഡി സതീശന്‍
'അത്തരം ബോർഡുകൾ ഉണ്ടെങ്കിൽ ഇന്ന് തന്നെ നീക്കം ചെയ്യും'
തിരുവനന്തപുരം: ക്യാപ്റ്റൻ വിളിയുടെയും ലീഡർ വിളിയുടെയും കെണിയിൽ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്യാപ്റ്റൻ, ലീഡർ വിളികൾ കോൺഗ്രസിനെ നന്നാക്കാൻ ഉള്ളതല്ല. അത്തരം ബോർഡുകൾ ഉണ്ടെങ്കിൽ ഇന്ന് തന്നെ നീക്കം ചെയ്യും. താന്‍ ലീഡറല്ല. കെ കരുണാകരന്‍ മാത്രമാണ് ഒരേയൊരു ലീഡറെന്നും വി.ഡി സതീശന്‍ പറഞ്ഞു.
തൃക്കാക്കരയിലെ വിജയം യു.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതൊരു തുടക്കം മാത്രമാണ്. യു.ഡി.എഫിന് തിരിച്ചുവരാൻ ഇനിയും കഠിനാധ്വാനം വേണ്ടിവരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഒരു വ്യക്തിയിലേക്ക് ഈ വിജയം ഒതുങ്ങാൻ പാടില്ല. താൻ ഒരു നിമിത്തം മാത്രമാണ്. പാർട്ടിയിൽ കരുത്തുറ്റ രണ്ടാം നിര വരുന്നു. അത് ഭാവിയിൽ ഗുണം ചെയ്യും. ആദ്യം കിട്ടിയ രണ്ട് അവസരത്തിലും സ്ത്രീകളെ പരിഗണിച്ചു. ഇത് സ്ത്രീകൾക്ക് ഇടയിൽ ഉണർവ് ഉണ്ടാക്കി. ചെറുപ്പക്കാരെയും സ്ത്രീകളെയും മുന്നോട്ട് കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതിനിടെ സര്‍ക്കാരിനെ വി ഡി സതീശന്‍ വിമര്‍ശിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരുന്നു. കാലവർഷത്തിന് മുൻപേയുള്ള തയ്യാറെടുപ്പുകൾ നടന്നോ? സ്കൂളുകളിലെ ഭക്ഷ്യ വിഷബാധയില്‍ വീഴ്ച ഉണ്ടായത് എവിടെയെന്ന് അന്വേഷിക്കണം. ഒരു മാസം ഭരണം സ്തംഭിച്ചു. അതിന്റെ അനന്തര ഫലമാണ് ഭക്ഷ്യ വിഷബാധ അടക്കമുള്ള പ്രശ്നങ്ങളെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.