'ഞാന്‍ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വയുടെ ആളല്ല': രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസ് നിലപാടെന്ന് വി ഡി സതീശന്‍

'ഞാനാ വേദിയിലിരുന്ന് പ്രസംഗം കേട്ടയാളാണ്. നിങ്ങള്‍ക്ക് ചിലപ്പോ രാഹുല്‍ ഗാന്ധി പറഞ്ഞ ഹിന്ദി മനസ്സിലായിക്കാണില്ല'

Update: 2021-12-13 06:34 GMT
Advertising

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലും തങ്ങള്‍ ആ നിലപാട് തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് തന്നെയല്ലേ ആര്‍എസ്എസും പറയുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സതീശന്‍.

'ഞാനാ വേദിയിലിരുന്ന് പ്രസംഗം കേട്ടയാളാണ്. നിങ്ങള്‍ക്ക് ചിലപ്പോ രാഹുല്‍ ഗാന്ധി പറഞ്ഞ ഹിന്ദി മനസ്സിലായിക്കാണില്ല. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ എന്നത് രാഷ്ട്രീയ അജണ്ടയാണ്. അതുരണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പറഞ്ഞത്. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളാണ്. അങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു മതവിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങള്‍ വിമര്‍ശിക്കും. അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്‍റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ട. തെറ്റായിട്ടൊന്നും വ്യാഖ്യാനിക്കേണ്ട. അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് നയം തന്നെയാണ്'- സതീശന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞത് എന്താണെന്ന് തങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. അത് കോണ്‍ഗ്രസിന്റെ ലൈന്‍ തന്നെയാണ്. അതിനെ ഒരാളും തെറ്റായി വ്യാഖ്യാനിക്കേണ്ട. അത് തന്നെയാണ് തങ്ങള്‍ കേരളത്തിലും സംസാരിക്കാന്‍ പോകുന്നതെന്നും സതീശന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന.

''മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ' എന്നാണ്. എന്നാൽ ഹിന്ദുത്വവാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സിൽ മൂന്നു വെടിയുണ്ടകൾ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും. ഹിന്ദു നേർക്കുനേർ പോരാടും. ഹിന്ദുത്വവാദി പിന്നിൽ നിന്നടിക്കും. മാപ്പു പറയും. ഈ ദേശം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദിയുടെതല്ല. അതിനാൽ ഹിന്ദുത്വവാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹിന്ദുക്കളുടെ രാജ്യമാക്കണം''- രാഹുൽ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News