വിവാദം ആളിക്കത്തിച്ചത് സി.പി.എമ്മും സംഘ്‍പരിവാറും; ഷംസീർ മാപ്പ് പറയണമെന്ന് കോൺഗ്രസ്
സ്പീക്കര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവനാ വിവാദം ആളിക്കത്തിച്ചത് സി.പി.എമ്മും സംഘ്‍പരിവാറുമെന്ന് കോൺഗ്രസ്. വർഗീയ പ്രചാരണത്തിന് ബി.ജെ.പി ശ്രമിച്ചപ്പോൾ അതേ രീതിയിൽ സി.പി.എം പ്രതികരിച്ചതാണ് രംഗംവഷളാക്കിയത്. സ്പീക്കര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വിശ്വാസത്തില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നാണ് യു.ഡി.എഫ് നിലപാടെന്നും സതീശൻ പറഞ്ഞു.
ചരിത്ര സത്യം പോലെയാണ് വിശ്വാസികള്‍ക്ക് വിശ്വാസ സത്യം എന്ന് വിശദീകരിച്ചാണ് സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന വാദം കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിന് പകരം വിഷയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് എരിതീയില്‍ എണ്ണയൊഴിച്ചുവെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സ്പീക്കര്‍ക്ക് ജാഗ്രതകുറവ് സംഭവിച്ചുവെന്ന വിമര്‍ശനത്തിനൊപ്പം തിരുത്തണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി.
വിവാദം സ്വയം കെട്ടടങ്ങട്ടെ എന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ഒപ്പം എന്‍.എസ്.എസ് സംഘപരിവാര്‍ വലയില്‍ വീഴ്ന്നുവെന്ന വിമര്‍ശനങ്ങളെ തള്ളുകയും ചെയ്തു കോണ്‍ഗ്രസ്.