നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം വേണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

'നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ'

Update: 2023-01-04 11:31 GMT
Advertising

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂര്‍ണരൂപം

2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.

നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്‌സിയോഫീലിയയാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ബന്ധുക്കളും സുഹൃത്തുക്കളും നയനയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുകയും ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്ന് താല്‍പര്യപ്പെടുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News