വളപട്ടണം ഐഎസ് കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് വിധി പറഞ്ഞത്

Update: 2022-07-12 07:48 GMT
Advertising

കൊച്ചി: വളപട്ടണം ഐഎസ് കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ചക്കരക്കല്ല്‌ മുണ്ടേരി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം കെ.വി. അബ്‌ദുള്‍ റസാഖ്‌, ചിറക്കര യു.കെ ഹംസ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് വിധി പറഞ്ഞത്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഐഎസില്‍ ചേര്‍ന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആദ്യം വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ അന്വേഷിച്ചു. നേരത്തെ കുറ്റപത്രം നല്‍കിയ മൂന്നു പ്രതികളുടെ വിചാരണയാണു പൂര്‍ത്തിയായത്‌. 2019ലാണു വിചാരണ തുടങ്ങിയത്. 153 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

സിറിയയിലേക്കുള്ള യാത്രാ മധ്യേ തുര്‍ക്കിയില്‍ വെച്ച് പ്രതികളെ പിടികൂടിയെന്നാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നത്. യു.എ.പി.എയുടെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരമാവധി ശിക്ഷ കുറച്ച് തരണമെന്നും അഞ്ച് വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ഇളവനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. തീവ്രവാദ ചിന്താഗതി ഉപേക്ഷിച്ചതായി പ്രതികളിലൊരാളായ ഹംസ കോടതിയിൽ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News