ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി രണ്ടു മാസംകൂടി നീട്ടി
ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.
ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി രണ്ട് മാസംകൂടി നീട്ടിയതായി മന്ത്രി ആന്റണി രാജു. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി ഈ വർഷം നവംബർ മുപ്പതു വരെയാണ് നീട്ടിയത്.
1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമം, 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ എന്നിവ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. ഈ കാലാവധിക്കുള്ളിൽ തന്നെ വാഹന ഉടമകൾ രേഖകൾ പുതുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്തബർ മുപ്പതിന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ വാഹനങ്ങൾക്ക് നിരത്തിനിറക്കാൻ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ വിഷയം ഉന്നയിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നതായും ആന്റണി രാജു പറഞ്ഞു.