ഏഴ് മണിക്കൂർ 10 മിനിറ്റ്; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് ട്രെയിൻ
തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ഓടെ പുറപ്പെട്ട ട്രെയിന്‍ ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂരിലെത്തിയത്
കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയായി. ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വന്ദേഭാരത് എത്തിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.
തിരുവനന്തപുരം അടക്കം എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനുട്ട് കൊണ്ട് കൊല്ലെത്തിയ ട്രെയിൻ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂർ 16 മിനുറ്റായിരുന്നു.
എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്ന് കൃത്യം 1മണിക്കൂർ സമയം കൊണ്ട് വന്ദേഭാരത് തൃശൂരിലെത്തി. അടുത്ത സ്റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് 1മണിക്കൂർ 5മിനുട്ട്. തിരൂരിൽ നിന്ന് അരമണിക്കൂർ കൊണ്ട് കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താനെടുത്തത് മൊത്തം 6മണിക്കൂർ 6മിനിറ്റായിരുന്നു.
ട്രെയിനിന്റെ വേഗത അടക്കമുള്ള കാര്യങ്ങളിൽ ട്രയൽ റണ്ണിന് ശേഷം അന്തിമതീരുമാനം എടുക്കും. ട്രാക്ക് ഇൻസ്‌പെക്ഷൻ നടത്തി വന്ദേഭാരതിന് സർവീസ് നടത്താൻ കഴിയുന്ന വേഗം റെയിൽവേ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ടിക്കറ്റ് നിരക്കുകളും ഉടൻ പ്രഖ്യാപിക്കും. ചെയർ കാറിൽ യാത്ര ചെയ്യാൻ 900 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിൽ 2000 രൂപയും ഈടാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിൻ കേരളത്തിലും ഓടിത്തുടങ്ങും.