ഓപ്പൺ സർവകലാശാല വി.സിക്ക് വിരമിച്ച ശേഷവും സ്ഥാനത്ത് തുടരാൻ അനുമതി; ഗവർണറുടെ അസാധാരണ നടപടി
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ തുടരവേ വിരമിച്ചശേഷവും വി.സിയായി തുടരാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
തിരുവനന്തപുരം: ഓപ്പൺ സർവ്വകലാശാല വി.സി ക്ക് വിരമിച്ച ശേഷവും തുടരാൻ അനുമതി നൽകി ഗവർണർ.. താൽക്കാലിക വി.സി ഡോ.വി.പി ജഗതിരാജിനാണ് ചുമതലയിൽ തുടരാൻ നിർദേശിച്ചു രാജ്ഭവൻ ഉത്തരവ് ഇറക്കിയത്. ഈ മാസം 31നാണ് ജഗതി രാജ് സർവീസിൽ നിന്ന് വിരമിക്കുന്നത്. മുൻ വി..സി യായിരുന്ന ഡോ: മുബാറക് പാഷ പദവി ഒഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഡോ:വി.പി. ജഗതി രാജിനെ താൽക്കാലിക വി.സി യായി നിയമിച്ചത്.
കഴിഞ്ഞ മാസമാണ് ഡോ. വി.പി. ജഗതിരാജ് ഡെപ്യൂട്ടേഷനില്‍ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ താത്കാലിക വി.സിയായി ചുമതലയേറ്റത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ തുടരവേ വിരമിച്ചശേഷവും വി.സിയായി തുടരാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
കണ്ണൂര്‍ സര്‍വ്വകലാശാല വി.സിയുടെ ചുമതല നല്‍കിയിട്ടുള്ള കൊച്ചിന്‍ സര്‍വകലാശാലയിലെ പ്രൊഫ.ഡോ. ബിജോയ് നന്ദനും ഈ മാസം 31-ന് സര്‍വീസില്‍നിന്ന് വിരമിക്കും. ഡെപ്യൂട്ടേഷനില്‍ വി.സിയായി നിയമനം ലഭിച്ചിട്ടുള്ള ബിജോയ് നന്ദനും റിട്ടയര്‍മെന്റിന് ശേഷം സ്ഥിരം വി.സിയെ നിയമിക്കുന്നതുവരെ തുടര്‍നിയമനം നല്‍കുമെന്നാണ് സൂചന.