ചെന്നിത്തല മാറിനിന്നേക്കും; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത

2016 ലെ കനത്ത തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല

Update: 2021-05-03 07:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുമെന്ന് സൂചന. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയാല്‍ വഴങ്ങുകയും ചെയ്യും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യമുന്നയിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

2016 ലെ കനത്ത തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. അതിലും കടുത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും ഒഴിഞ്ഞ് നില്‍ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരാം. ഇത് മുന്നില്‍ കണ്ടാണ് ചെന്നിത്തലയുടെ നീക്കം. അതേസമയം എം.എല്‍.എമാരില്‍ മുന്‍തൂക്കം ചെന്നിത്തലക്കാണ്. മാത്രമല്ല എ ഗ്രൂപ്പ് മറിച്ചൊരു തീരുമാനം എടുത്താലും പിടി തോമസ് അടക്കമുള്ളവര്‍ അതിനൊപ്പം നില്‍ക്കില്ലെന്ന് അവിടെയും ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരം പദവി ഏറ്റെടുക്കുന്ന നിലയിലേക്ക് എത്താമെന്നാണ് ചെന്നിത്തല കരുതുന്നത്. താന്‍ വിട്ടു നില്‍ക്കാന്‍ തയ്യാറായിരുന്നുവെന്നും പാര്‍ട്ടിയുടെ സമ്മര്‍ദ്ദം മൂലം ഏറ്റെടുത്തുവെന്ന പ്രതീതി സൃഷ്ടിക്കാനുമാവും. പക്ഷേ ഇത് മുന്നില്‍ ഒരു മുഴം മുന്നേയെറിയാനാണ് മറുപക്ഷത്തിന്‍റെ നീക്കം.

അവര്‍ വി.ഡി സതീശന്‍റെ പേര് മുന്നോട്ട് വെയക്കും. അതിനെ എതിര്‍ക്കാന്‍ ചെന്നിത്തലയ്ക്കും ആവില്ല. നേതൃ തലത്തില്‍ മുഖം മാറ്റവും തലമുറ മാറ്റവും മാത്രമാണ് പാര്‍ട്ടിക്ക് തിരിച്ച് വരവിനുള്ള വഴിയെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒരു പോലെ കരുതുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് തോല്‍വി ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിനും തിരിച്ചടിയാവും.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News