മുഖ്യമന്ത്രിയെ ഒന്നു കണ്ടിട്ട് എത്ര നാളായി; ഒരു ചോദ്യം ചോദിക്കാൻ കൊതി വര്ണില്ലേ?-മാധ്യമപ്രവർത്തകരോട് വി.ഡി സതീശൻ
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ ജനങ്ങൾ വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നിങ്ങൾക്ക് മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാൻ കൊതി വരുന്നില്ലേയെന്ന് മാധ്യമപ്രവർത്തകരോട് പ്രതിപക്ഷനേതാവ്. വാർത്താസമ്മേളനത്തിനിടെ രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞങ്ങളൊക്കെ എല്ലാ ദിവസവും നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ വന്ന് ഇരുന്ന് തരുന്നില്ലേ? മുഖ്യമന്ത്രിയെ ഒന്ന് കണ്ടിട്ട് എത്ര നാളായി? ഒരു ചോദ്യം ചോദിക്കാൻ കൊതിവരുന്നില്ലേ താങ്കൾക്ക് എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ ജനങ്ങൾ വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പോലീസ് സ്‌റേഷനിൽ നിർത്തിയത്. കണ്ണിൽ ഇരുട്ട് കയറിയതുകൊണ്ടാണ് കാണുന്നതെല്ലാം അദ്ദേഹത്തിന് കറുപ്പായി തോന്നുന്നത്. ഇത് ഹിറ്റ്‌ലറുടെ കേരളമാണോ എന്നും വി.ഡി സതീശൻ ചോദിച്ചു.
മുണ്ടുടുത്ത മോദിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാർക്ക് നല്ലതെന്നും ആരെയും ഭയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണെന്നും സതീശൻ പറഞ്ഞു. അവതാരങ്ങളെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ഒമ്പതാമത്തെ അവതാരമാണ് ഷാജ് കിരൺ. എന്തുകൊണ്ടാണ് പൊലീസ് ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.