കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ് കര്‍ണാടക; അതിർത്തിയിൽ കിടങ്ങ് കുഴിക്കാന്‍ ശ്രമം

കുഴിയെടുത്തത് കേരളത്തിന്റെ സ്ഥലത്തായതോടെ പ്രതിഷേധവുമായ നാട്ടുകാർ രംഗത്തെത്തി.

Update: 2021-08-02 13:13 GMT
Advertising

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയാന്‍ അതിർത്തിയിൽ കിടങ്ങ് കുഴിച്ച് കർണാടക. കേരളത്തിന്‍റെ സ്ഥലത്ത് കുഴിയെടുത്തിനാല്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനു പിന്നാലെ കുഴി മൂടി കർണാടക അധികൃതർ മടങ്ങുകയായിരുന്നു. 

തലപ്പാടിയിലുള്ള ക്രൈസ്തവ ദേവാലയത്തിന് സമീപമാണ് ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്തത്. ഇട റോഡുകളിലൂടെ വാഹനങ്ങള്‍ കർണാടകയിലേക്കെത്തുന്നത് തടയാനായിരുന്നു നടപടി. 

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് തമിഴ്നാടും കർണാടകയും. അതിർത്തി പ്രദേശമായ തലപ്പാടിയിൽ കർശന പരിശോധനയാണ് കർണാടക ഏർപ്പെടുത്തിയത്. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ തലപ്പാടിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവുമുണ്ടായി. കർണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയും ചെയ്തിരുന്നു. 

ഒരിടവേളക്ക് ശേഷമാണ് തമിഴ്നാട് പൊലീസ് അതിർത്തിയിലെ പരിശോധന ആരംഭിച്ചത്. അഞ്ചാം തിയ്യതി മുതൽ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും വാക്സിൻ ഒന്നാമത്തെ ഡോസെങ്കിലും എടുത്തവർക്കും മാത്രമാകും അതിർത്തി കടക്കാനാവുക. അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് കോവിഡ് ടെസ്റ്റും നടത്തുന്നുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News