വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസിന് തിരിച്ചടി; കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആക്ഷേപ ഹരജി പരിഗണിച്ച തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി വിജിലൻസിന് നൽകിയ നിർദേശം.
സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നേരത്തെ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി കേസിലെ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് നോട്ടീസ് നൽകി. തുടർന്നാണ് വി.എസിന് വേണ്ടി മകൻ അരുൺകുമാർ കോടതിയിൽ ആക്ഷേപ ഹരജി സമർപ്പിച്ചത്. ഇതാണ് ഇന്നലെ കോടതി അംഗീകരിച്ചത്.
എസ്.എൻ.ഡി.പി യൂണിയൻ ശാഖകൾ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്.പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങൾ ഏകോപിച്ചത്. എന്നാൽ പിന്നീട് മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. ഈ നിലപാടിനാണ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്.
മൈക്രോ ഫിനാൻസ് നടത്തിപ്പിന്റെ കോ-ഓർഡിനേറ്ററായിരുന്ന മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നു. ഈ ആത്മഹത്യാ കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.