മാതൃകാ പെരുമാറ്റചട്ട ലംഘനം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പെരുമാറ്റചട്ടം ലംഘിച്ച് സംസ്ഥാന സർക്കാർ പൊതുഖജനാവിലെ പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തുവെന്നാണ് ടി.എൻ പ്രതാപൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
തൃശൂർ: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പിയാണ് പരാതി നൽകിയത്.
പെരുമാറ്റചട്ടം ലംഘിച്ച് സംസ്ഥാന സർക്കാർ പൊതുഖജനാവിലെ പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം വിതരണം ചെയ്തുവെന്നാണ് ആരോപണം. 16 പേജുള്ള പുസ്തകം എന്നാ വീടുകളിലും വിതരണം ചെയ്യുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതാപന്റെ പരാതിയിൽ ആരോപിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വീട് വീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണം മുഴുവനും അടിയന്തിരമായി കണ്ടുകെട്ടണമെന്നും പ്രസിദ്ധീകരിച്ചവർക്കും വിതരണം ചെയ്തവർക്കുമെതിരെ സത്വര നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകളും, എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി, മൈനോറിറ്റി വിദ്യാർഥികൾക്കുള്ള സ്‌റ്റൈപ്പന്റും റേഷൻവിതരണം പോലും നൽകാൻ തയ്യാറാവാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം തടഞ്ഞുവെച്ചും കരാറുകാർക്ക് പണം നൽകാതെ വികസന പ്രവൃത്തികൾ മുരടിപ്പിച്ചും, സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും സമയത്തിന് നൽകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് സുപ്രിംകോടതിയിലുൾപ്പെടെ ബോധിപ്പിച്ച സർക്കാരാണ്, ഇത്തരത്തിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് 16 പേജുള്ള മൾട്ടി കളർ ബ്രോഷറുകൾ സർക്കാർ ചെലവിൽ അച്ചടിച്ച് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു.