ലാബ് സജ്ജമായില്ല, നിയമനമില്ല.. എങ്ങുമെത്താതെ തോന്നക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
നിയമനം മുതല്‍ ലാബുകള്‍ ഒരുക്കുന്നത് വരെയും പ്രതീക്ഷിച്ച വേഗതയില്ലാതെയാണ് മുന്നോട്ടുപോകുന്നത്
സംസ്ഥാനം വൈറസ് രോഗങ്ങളെ നേരിടുമ്പോള്‍ ഏറെ കൊട്ടിഘോഷിച്ച് തിരുവനന്തപുരം തോന്നക്കലില്‍ സര്‍ക്കാര്‍ സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും ഏറെ സമയമെടുക്കും. നിയമനം മുതല്‍ ലാബുകള്‍ ഒരുക്കുന്നത് വരെയും പ്രതീക്ഷിച്ച വേഗതയില്ലാതെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇത് സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തികളാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേഗത്തില്‍ സജ്ജമാകണമെന്നാണ് ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്ന വാദം. അതേസമയം പദ്ധതി ഇഴയുന്നുവെന്ന ആക്ഷേപത്തെ തള്ളുകയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആശയത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വിദഗ്ധര്‍. ബിഎസ് ഫോര്‍ നിലവാരമുള്ള പുനെ, ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മാതൃകയിലാണ് തോന്നക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാനം വിഭാവനം ചെയ്തത്. പക്ഷേ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിടുമ്പോഴും ആവശ്യമായ നിയമനം നടത്താന്‍ പോലും സംസ്ഥാന സര്‍ക്കാരിനായില്ല എന്നതാണ് വാസ്തവം. എന്തിന് തലപ്പത്ത് നാഥനില്ലാതായിട്ട് പോലും മാസങ്ങളായി. ഡോ. അഖില്‍ ബാനര്‍ജിയായിരുന്നു ഡയറക്ടര്‍. അദ്ദേഹം രാജിവെച്ചു.
നിയുക്ത ഡയറക്ടര്‍ ഇ ശ്രീകുമാര്‍ അടുത്ത മാസമേ ചുമതലയേല്‍ക്കൂ. ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനവും സമയബന്ധിതമായല്ല മുന്നോട്ടുപോകുന്നത്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയും ഇതിന് കാരണമായി. നിപയടക്കം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ തോതില്‍ സജമാക്കുന്നതിനായി സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആവശ്യം.