തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുക്കാന്‍ കാരണം വിഴിഞ്ഞം പദ്ധതിയെന്ന് റിപ്പോര്‍ട്ട്
സിനിമാ വകുപ്പ് വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യത്തോട് വിയോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടിയുടെ കൈയിലുള്ള ഒരു പ്രധാന വകുപ്പ് നൽകേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് നേതൃത്വത്തിൽ ഉണ്ടായത്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയില്‍ തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുക്കാന്‍ കാരണം വിഴിഞ്ഞം പദ്ധതിയെന്ന് റിപ്പോര്‍ട്ട്. പദ്ധതി പൂർത്തീകരണം നിർണായക സമയത്തിലേക്ക് കടക്കുമ്പോൾ ആ വകുപ്പ് സി.പി.എമ്മിന്റെ കൈയിൽ വേണമെന്നാണ് പാർട്ടി തീരുമാനിച്ചത്. സിനിമാ വകുപ്പ് വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യത്തോട് വിയോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടിയുടെ കൈയിലുള്ള ഒരു പ്രധാന വകുപ്പ് നൽകേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് നേതൃത്വത്തിൽ ഉണ്ടായത്.
വിഴിഞ്ഞം പദ്ധതി വരുന്നതിനുമുന്‍പ് തുറമുഖം സംസ്ഥാനത്ത് കാര്യമായി ശ്രദ്ധിക്കപ്പെട്ട വകുപ്പ് ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതി വന്നതോടെ തുറമുഖ വകുപ്പിന്റെ ഇമേജ് തന്നെ മാറി. ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്‍പുള്ള സജീവ ചർച്ചകളിൽ ഒന്നായി വിഴിഞ്ഞം തുറമുഖം മാറുമെന്ന കാര്യം ഉറപ്പ്. പദ്ധതിയുടെ പിതൃത്വം ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും രംഗത്തുവരുമെന്ന കാര്യത്തിലും സംശയമില്ല.
അഹമ്മദ് ദേവർകോവിൽ ഒഴിയുമ്പോൾ തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുക്കാനുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഇതാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.എൻ വാസവനെ തന്നെ തുറമുഖം ഏൽപ്പിച്ചതിന് പിന്നിലും സി.പി.എമ്മിന്റെ രാഷ്ട്രീയ താൽപര്യമുണ്ട്. അടുത്തവർഷം തുറമുഖം തുറന്നുകൊടുക്കാൻ തീരുമാനിക്കുമ്പോൾ അവകാശവാദങ്ങൾ ഉയർന്നുവന്നേക്കാം. അതിന് സി.പി.എം തന്നെ മറുപടിപറഞ്ഞുപോകാനാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടുകൂടിയാണ് തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുത്തത്.
രജിസ്ട്രേഷൻ, പുരാവസ്തു മ്യൂസിയം എന്നത് താരതമ്യേനെ ചെറിയ വകുപ്പാണ്. മുന്നണിയിൽ മറ്റ് അസ്വാരസ്യങ്ങൾ ഉണ്ടാക്കാത്ത കടന്നപ്പള്ളിക്ക് ഇത് നൽകിയതുവഴി മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന വിലയിരുത്തൽ കൂടി സി.പി.എമ്മിലുണ്ട്. സിനിമാ വകുപ്പ് ഗണേഷന് നൽകുന്നതിൽ സി.പി.എമ്മിനുള്ളിൽ തർക്കങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, പാർട്ടിയുടെ പ്രധാനപ്പെട്ട വകുപ്പ് ചെറിയ ഘടകകക്ഷിക്ക് നൽകേണ്ടതില്ലെന്ന പൊതുവിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിൽലുണ്ടായത്. ഇതോടെയാണ് ആഗ്രഹിച്ച വകുപ്പ് ഗണേഷനു ലഭിക്കാതെ പോയത്.
Summary: Vizhinjam project is the reason for the port department being taken over by CPM: Reports