വഖഫ് ബോർഡ് നിയമനം: നിയമം പിൻവലിക്കുന്നതുവരെ ലീഗ് പോരാട്ടം തുടരും-കെ.പി.എ മജീദ്
വഖഫ് നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് വ്യാഴാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമഭേദഗതി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ മുസ്‌ലിം ലീഗ് ശക്തമായ നിയമപോരാട്ടം തുടരുമെന്ന് കെ.പി.എ മജീദ് എം.എൽ.എ. വഖഫ് സംരക്ഷണ പ്രക്ഷോഭം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകാനാണ് ലീഗിന്റെ തീരുമാനം. നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം മുസ്‍ലിം ലീഗിന്റെയും മതസംഘടനാ നേതാക്കളുടെയും എതിർപ്പിനെ തുടർന്ന് തൽക്കാലം നടപ്പാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോകുമെന്നാണ് ഇപ്പോഴത്തെ സർക്കാർ നിലപാടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കെ.പി.എ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് അന്നുതന്നെ മുസ്‍ലിം ലീഗ് വ്യക്തമാക്കുകയും സമരരംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് സുതാര്യനിലപാടാണ്. പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ പറ്റില്ലെന്നും ഇക്കാര്യത്തിൽ മുസ്‍ലിം ലീഗിന്റെ സഹായം സർക്കാരിന് വേണ്ടേന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പച്ചയും യു.പിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.
Summary: Waqf board appointment to PSC: Muslim League will continue fight till the law is withdrawn, says KPA Majeed