'ആരെ വിളിക്കാനാണ്...ഒന്ന് വിളിച്ചന്വേഷിക്കാന്‍ പോലും ആരുമില്ല'; ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ ഷൗക്കത്ത്
ആദ്യത്തെ ഉരുള്‍പൊട്ടലില്‍ തന്നെ വീടുവിട്ടു ഓടിയതിനാല്‍ ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും രക്ഷപ്പെട്ടു
വയനാട്: വയനാട്ടിലെ ദുരന്തം പ്രവാസ ലോകത്തും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഉറ്റവരെയും ഒരു ജീവിതം കൊണ്ടുണ്ടാക്കിയ സമ്പാദ്യവുമെല്ലാം നഷ്ടമായവരുണ്ട്. ഖത്തറില്‍ പ്രവാസിയായ മുണ്ടക്കൈ സ്വദേശി ഷൗക്കത്തിന് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കളെയാണ് നഷ്ടമായത്. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ തന്നെ വീടുവിട്ടു ഓടിയതിനാല്‍ ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും രക്ഷപ്പെട്ടു.
''അനിയനും ഭാര്യയും മൂന്നു കുട്ടികളും ദുരന്തത്തില്‍ മരിച്ചു. ഇക്കാക്കയും ഭാര്യയും രണ്ടു മക്കളും അവരുടെ കുടുംബവും മരിച്ചു. മുണ്ടക്കൈയിലാണ് ഞാന്‍ താമസിക്കുന്നത്. എന്‍റെ കുടുംബം മൊത്തം പോയി. കുടുംബത്തില്‍ ഞാനും അനിയനും മാത്രമാണ് അവശേഷിക്കുന്നത്. വിളിച്ച് അന്വേഷിക്കാന്‍ പോലും ആരുമില്ല. മഹല്ല് ഗ്രൂപ്പ് ഉണ്ട്.അതിലാണ് കാര്യങ്ങള്‍ തിരക്കുന്നത്'' ഷൗക്കത്ത് പറഞ്ഞു.
ഇതുവരെ 151 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 70 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 37 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുണ്ടക്കൈയില്‍ ഇന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആശിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.45 നാവികർ , അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.