'മൊബൈലിലെ ടോർച്ചും കൊണ്ട് ആ മഴയത്ത് കുന്നിന്റെ മേലെ പുലരുംവരെ നിന്നു...മരണം മുന്നിലായിരുന്നു'; നടുക്കം മാറാതെ ഒരു ജനത

എത്രകാലം ക്യാമ്പിൽ കഴിയണമെന്നും അതുകഴിഞ്ഞാൽ എങ്ങോട്ടുപോകണമെന്നുമുള്ള ആശങ്കയാണ് ദുരിതബാധിതർ പങ്കുവെക്കുന്നത്.

Update: 2024-08-05 02:19 GMT
Advertising

വയനാട്: ഉരുൾപൊട്ടലുണ്ടാക്കിയ ആഘാതത്തിൽ നിന്ന് വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഇനിയും മുക്തരായിട്ടില്ല. പലരുടെയും ജീവൻ മാത്രം അവശേഷിപ്പിച്ച് മറ്റെല്ലാം തുടച്ചുനീക്കിയാണ് ഉരുൾപൊട്ടിയൊലിച്ചുപോയത്. ദുരിതാശ്വാസ ക്യാമ്പിൽ എത്രനാളെന്നോ, അവിടെ നിന്നിറങ്ങിയാൽ എങ്ങോട്ടുപോകുമെന്നോ ഉള്ള ആശങ്കമാത്രമാണ് അവർക്കുപങ്കുവെക്കാനുള്ളത്. വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ഒരു വിതുമ്പലോടെയാണ് അവർ നിർത്തുന്നത്.  

'രാത്രി ഒരുമണിക്ക് ശേഷമാണ് വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ ഇതേരീതിയിൽ വെള്ളംകയറിയിരുന്നു. അന്ന് രാത്രി ആരും ഉറങ്ങിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ നല്ല ശബ്ദവും കുലുക്കവുമുണ്ടായി. മരണത്തിന്റെ മുന്നിലായിരുന്നു. വീട്ടുകാരെയും വിളിച്ച് മുകളിലുള്ള വീട്ടിലേക്ക് പോയി. പിന്നെയും ഭയങ്കര ശബ്ദം കേട്ടു. അതോടെ എല്ലാവരും ഒരു കുന്നിന്റെ മുകളിലേക്ക് ഓടി. ഒരു മൊബൈൽ ടോർച്ചും കൊണ്ട് നല്ലമഴയത്ത് രാവിലെ ആറുമണിവരെ ഞങ്ങളവിടെ നിന്നു. ഇപ്പോൾ ക്യാമ്പിലാണ്, എത്രദിവസം ഇവിടെ കഴിയണമെന്നോ അത് കഴിഞ്ഞാൽ എങ്ങോട്ട് പോകണമെന്നോ അറിയില്ല'- ദുരന്തത്തെ അതിജീവിച്ച് ക്യാമ്പിൽ കഴിയുന്ന സിറാജിന് പറയാനുള്ളത് ഇങ്ങനെയാണ്.  

കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായിട്ട് ഒരാഴ്ചയാവുകയാണ്. ദുരന്തത്തിൽ 369 പേരാണ് മരിച്ചത്. ഇപ്പോഴും ദുരന്തബാധിത മേഖലയിലെ നിരവധിപേരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഇന്നും തുടരും. കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. 

മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾക്ക് വയനാട് ആദരപൂർവം വിടചൊല്ലി. തിരിച്ചറിയാത്ത എട്ടുപേരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

കനത്തമഴയെ തുടർന്ന് അവധി നൽകിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയാണ് തുറക്കുന്നത്. മഹാദുരന്തം നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News