വിവാഹാഘോഷം അതിരുവിട്ടു; കണ്ണൂരില്‍ വരനും സുഹൃത്തുക്കൾക്കുമെതിരെ കേസ്

ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും അര മണിക്കൂറോളം കണ്ണൂർ മട്ടന്നൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു

Update: 2024-01-17 08:24 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: കണ്ണൂർ വാരത്ത് വിവാഹാഘോഷം അതിരുവിട്ട സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ ചക്കരക്കൽ പൊലീസ് കേസെടുത്തത്.

കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു  വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ റിസ്വാനും  സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിനായി എത്തിയപ്പോഴാണ് ആഘോഷം അതിരുവിട്ടത്. മുണ്ടയാട് മുതൽ വരൻ്റെ യാത്ര ഒട്ടകപ്പുറത്തായിരുന്നു. അലങ്കരിച്ച ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടിയായിരുന്നു വരനുണ്ടായിരുന്നത്. നൃത്തച്ചുവടുകളോടെ സുഹൃത്തുക്കൾ ഗതാഗതം തടസ്സപ്പെടുത്തി. അകമ്പടിയായി വാദ്യമേളങ്ങളും, കരി മരുന്ന് പ്രയോഗവുമുണ്ടായിരുന്നു.

അര മണിക്കൂറോളം കണ്ണൂർ മട്ടന്നൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. പിന്നാലെ നാട്ടുകാർ ഇടപെട്ടു. തുടർന്ന് ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി. വരനോപ്പമുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തങ്കിലും താക്കീത് ചെയ്ത് വിട്ടയച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവത്തിൽ ചക്കരക്കൽ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്നു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News