മഴക്കെടുതി-കടലാക്രമണം-കോവിഡ്: വരുമാനം നഷ്ടപ്പെട്ടവർക്കും ദുരിത ബാധിതർക്കും അടിയന്തിര ധനസഹായം നൽകണമെന്ന് വെൽഫെയർ പാർട്ടി
കടലാക്രമണമുണ്ടായ മേഖലകളിലെ നാശനഷ്ടമുണ്ടായ മുഴുവൻ കുടുംബങ്ങൾക്കും കടുത്ത മഴയിൽ വെള്ളം കയറിയ വീടുകൾക്കും അടിയന്തിരമായി 25000 രൂപ അനുവദിക്കണം
സംസ്ഥാനത്ത് മഴക്കെടുതി, കടലാക്രമണം, കോവിഡ് കാരണമായ സാമൂഹ്യ നിയന്ത്രണങ്ങൾ എന്നിവ മൂലം വരുമാനം ഇല്ലാതായ ജനവിഭാഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾ, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ തുടങ്ങിയവർക്ക് പണമായി 5000 രൂപ അടിയന്തിരമായി നൽകണം. നിലവിലെ സാമൂഹ്യാവസ്ഥയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും ജോലിക്കു പോകാനാകാത്തവർക്കും ചികിത്സ, വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തികരിക്കാൻ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൌജന്യ കിറ്റുകൊണ്ട് മാത്രം സാധ്യമല്ല.
അതിനിടയിലാണ് കടലാക്രമണവും കടുത്ത മഴക്കെടുതിയും ഉണ്ടായത്. കടലാക്രമണമുണ്ടായ മേഖലകളിലെ നാശനഷ്ടമുണ്ടായ മുഴുവൻ കുടുംബങ്ങൾക്കും കടുത്ത മഴയിൽ വെള്ളം കയറിയ വീടുകൾക്കും അടിയന്തിരമായി 25000 രൂപ അനുവദിക്കണം. നാശനഷ്ടങ്ങൾ വിശദമായി പഠിച്ച ശേഷം പുനരധിവാസത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.