മുഖ്യമന്ത്രിക്കെതിരെ ഗവർണർ; കണ്ണൂർ ചരിത്ര കോൺഗ്രസിൽ നടന്നതെന്ത്?

ഡല്‍ഹി കേന്ദ്രീകരിച്ചാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Update: 2022-09-18 04:55 GMT
Editor : abs | By : abs
Advertising

സംസ്ഥാന ചരിത്രത്തിൽ സർക്കാർ-ഗവർണർ അസ്വാരസ്യങ്ങൾ പലകുറി ഉണ്ടായിട്ടുണ്ടിങ്കിലും ആദ്യമായാണ് ഒരു സംഭവത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ തന്നെ ഗവർണർ പ്രതിസ്ഥാനത്തു നിർത്തുന്നത്. 2019 ഡിസംബർ 28ന് കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് ഗവർണർ അറിയിച്ചിട്ടുള്ളത്. തനിക്കെതിരായ വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ആരോപണം. 

സംഭവത്തിൽ നേരത്തെ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നേരത്തെ ഗവർണർ രംഗത്തുവന്നിരുന്നു. തന്നെ കൈയേറ്റം ചെയ്യാൻ ഒത്താശ ചെയ്ത ക്രിമിനൽ എന്നാണ് വൈസ് ചാൻസലറെ ഗവർണർ വിശേഷിപ്പിച്ചിരുന്നത്.

സംഭവം ഇങ്ങനെ

കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസ് ആതിഥ്യം വഹിച്ച അഖിലേന്ത്യാ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്. കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കവെ ഷെയിം ഷെയിം എന്നു വിളിച്ച് പ്രതിനിധികൾ എഴുന്നേറ്റു. നിയമഭേദഗതിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.

പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചിലർ പ്ലക്കാർഡുകളുയർത്തി. ഗവർണറും സദസ്സിൽ ഉള്ളവരും തമ്മിൽ വാക്‌പോരായി. ചരിത്രക്കാരനും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ആക്ടിങ് പ്രസിഡണ്ടുമായിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഗവർണർക്കെതിരെ ശബ്ദമുയർത്തി സംസാരിച്ചു. വേദിയിൽ നിന്ന് ഇറങ്ങിപ്പോകാനും ശ്രമിച്ചു. വൈസ് ചാൻസലറും വേദിയിലുണ്ടായിരുന്ന കെകെ രാഗേഷ് എംപിയുമാണ് അദ്ദേഹത്തെ ആ നീക്കത്തിൽ നിന്ന് അനുനയിപ്പിച്ച് പിന്തിരിപ്പിച്ചത്. ബഹളത്തിനിടെ പ്രസംഗം ചുരുക്കി പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഗവർണർ മടങ്ങി. സംഭവദിവസം തന്നെ വൈസ് ചാൻസലറെ കണ്ണൂർ ഗസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തി ഗവർണർ അതൃപ്തി അറിയിച്ചു. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ വരുത്തിച്ച് അദ്ദേഹം പരിശോധിക്കുകയും ചെയ്തു. വേദിയിൽ ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ നോക്കിയെന്ന് ആരോപിച്ച് ഗവർണർ ചിത്രസഹിതം ട്വീറ്റു ചെയ്തിരുന്നു. 

ഗവർണർ പറയുന്നത്

തനിക്കെതിരെ സർവകലാശാലയിൽ നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. ഡൽഹി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. തന്നെ അപായപ്പെടുത്താനായിരുന്നു ശ്രമം. തന്റെ എഡിസിക്ക് നേരെയും  കയ്യേറ്റമുണ്ടായി. കണ്ണൂർ വി.സി എല്ലാത്തിനും ഒത്താശ ചെയ്തു. സംഭവം പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനോ താൻ നിർദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ല. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ സിപിഎം പാർട്ടി കേഡറിനെ പോലെയാണ് പ്രവർത്തിക്കുന്നത്. സർവകലാശാലയിൽ നിരവധി അനധികൃത നിയമനങ്ങൾ വിസി നടത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഇതിനിടെയാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവും കെകെ രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന്റെ നിയമനവും നടക്കുന്നത്. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയുള്ള നിയമനം ഗവർണർ മരവിപ്പിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ കേസു കൊടുക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുത്തതും വിവാദമായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News