പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ ഇടുക്കി വട്ടവടയിലെ കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വില
ഹോർട്ടികോർപ്പ് സംഭരിക്കുന്ന പച്ചക്കറിയുടെ പണം മാസങ്ങള്‍ക്ക് ശേഷമാണ് നല്‍കുന്നതെന്ന് കർഷകർ പരാതി പറയുന്നു
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ ഇടുക്കി വട്ടവടയിലെ കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വില. കിലോയ്ക്ക് 20 മുതല്‍ 25 രൂപ വരെയാണ് ഇവർക്ക് ലഭിക്കുന്നത്. ഹോർട്ടികോർപ്പ് സംഭരിക്കുന്ന പച്ചക്കറിയുടെ പണം മാസങ്ങള്‍ക്ക് ശേഷമാണ് നല്‍കുന്നതെന്ന് കർഷകർ പരാതി പറയുന്നു.
കേരളത്തിലെങ്ങും പച്ചക്കറി വില പൊള്ളുമ്പോള്‍ അതിന്‍റെ മൂന്നിലൊന്ന് പോലും വട്ടവടയിലെ കർഷകർക്ക് കിട്ടുന്നില്ല. ക്യാരറ്റും കാബേജും ഉരുളക്കിഴങ്ങുമൊക്കെയാണ് ഇവിടത്തെ പ്രധാന കാർഷിക വിളകള്‍. ഇവ വിപണിയിലെത്തിക്കുമ്പോള്‍ 20 മുതല്‍ 25 രൂപ വരെ മാത്രമാണ് കിലോയ്ക്ക് കിട്ടുന്നത്. കടുത്ത പ്രതികൂല കാലാവസ്ഥയിലും കടംവാങ്ങി കൃഷി നിലനിർത്തിയ കർഷകർ ഇന്ന് പ്രതിസന്ധിയുടെ കൊടുംവെയിലില്‍ വാടുകയാണ്.
വിപണി വില കത്തുമ്പോള്‍ ആനുപാതികമായ തുക കർഷകർക്ക് നല്‍കാതെ ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കൊള്ളയടിക്കുന്നുവെന്ന് ആരോപിക്കുന്നു കർഷകർ. തറവില പോലും ലഭ്യമാക്കുന്നതിന് അധികൃതരുടെ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഹോർട്ടികോർപ്പിന് നല്‍കുന്ന പച്ചക്കറിയുടെ പണം കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ്. ഓണത്തിന് സംഭരിച്ചതിന്‍റെ തുക ഒരു മാസം മുന്‍പാണ് കർഷകരുടെ കൈകളിലെത്തിയത്.