ഡേറ്റാ ബാങ്കിലുൾപ്പെട്ട ഭൂമി നൽകി പറ്റിച്ചു; പരാതിയുമായി വിധവയായ വീട്ടമ്മയും മക്കളും
പണം വാങ്ങി വഞ്ചിച്ചത് ചങ്ങനാശ്ശേരി സ്വദേശി വി. സുനില്‍
പത്തനംതിട്ട: കുറ്റൂരിൽ ഡേറ്റാ ബാങ്കിലുൾപ്പെട്ട ഭൂമി നൽകി വഞ്ചിച്ചെന്ന് സ്ത്രീയുടെ പരാതി. ചങ്ങനാശ്ശേരി സ്വദേശിയായ വി.സുനിലിനെതിരെ തിരുവല്ല സ്വദേശിയായ ബിൻസി ചാക്കോയാണ് പൊലീസിൽ പരാതി നൽകിയത്. വസ്തുവിന്റെ വിലയായി വാങ്ങിയ പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് വാക്കുമാറിയതായാണ് പരാതിക്കാരിയുടെ ആരോപണം.
രണ്ട് പെൺകുട്ടികളുടെ മാതാവും വിധവയുമായ കുറ്റൂർ തെങ്ങേലി പോളത്ത് വീട്ടിൽ ബിൻസി ചാക്കോയാണ് പരാതിക്കാരി. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകുന്നതിനായി 2019 ഏപ്രിൽ ഒന്നിനാണ് ഇവർ വി. സുനിലിൽ നിന്നും വസ്തു വാങ്ങിയത്. സുനിൽ മുൻകൈയെടുത്ത് ബിൻസിയെ സമീപിച്ച് മൂന്നര ലക്ഷം രൂപ വാങ്ങിയാണ് കച്ചവടം നടത്തിയത്. എന്നാൽ ഭൂമി പേരിൽ ചേർക്കാൻ വില്ലേജ് ഓഫീസിലെത്തിയപ്പോളാണ് വസ്തു ഡേറ്റാ ബാങ്കിലുൾപ്പെട്ടതാണെന്നും ഭവന നിർമ്മാണം നടത്താനാവില്ലെന്നും പരാതിക്കാരി മനസിലാക്കുന്നത്.
വസ്തു തിരികെ വാങ്ങി പണം നൽകണമെന്ന് ആവശ്യപ്പെട്ട് ബിൻസി പലതവണകളിലായി സുനിലിനെ സമീപിച്ചു. ഇയാൾ ഇതിന് തയ്യാറാവാതിരുന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസിനും തിരുവല്ല പൊലീസിനും നൽകിയ പരാതിക്ക് പിന്നാലെ പണം തിരികെ നൽകുമെന്ന് സുനിൽ രേഖാമൂലം ഉറപ്പ് നൽകി. പക്ഷേ മൂന്ന് വർഷം കഴിഞ്ഞിട്ടും പണം നൽകാൻ ഇയാൾ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.