കാട്ടാനയെ കൊന്ന് കുഴിച്ചുമൂടി കൊമ്പെടുത്ത കേസ്: ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്; പത്തുപേർ പ്രതിപ്പട്ടികയിൽ

ആന ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് മൊഴി

Update: 2023-07-16 01:16 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തൃശൂർ: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടി കൊമ്പ് മുറിച്ചെടുത്ത കേസിൽ 10 പേർ പ്രതിപട്ടികയിൽ. സ്ഥലമുടമ റോയിയാണ് ഒന്നാം പ്രതി. കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയ കെണിയൊരുക്കിയ സ്ഥലമുടമ റോയിയാണ് കേസിലെ ഒന്നാം പ്രതി. നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയിൽ രണ്ടാമൻ. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.

സ്ഥലമുടമ റോയിയുടെ ഒപ്പം ചേർന്ന് ആനയെ കുഴിച്ചിട്ട കുമളിയിൽ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതൽ ഏഴ് വരെ പ്രതികളാകും. അഖിലിനൊപ്പം ചേർന്ന് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച മൂന്ന് പേരും കേസിൽ പ്രതികളാണ്. ജൂണ്‍ 14ന് പന്നിക്കെണിയില്‍പെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് സ്ഥലം ഉടമ റോയി അറിയാതെയാണ് അഖിൽ മുറിച്ചെടുത്തത്.

റോയിയുടെ കുമളിയിലെ സുഹൃത്തുക്കളാണ് അഖിലിനെ വിളിച്ചു വരുത്തി കൊമ്പ് മുറിപ്പിച്ചതെന്നാണ് വിവരം. ഗോവയിലേക്ക് കടന്ന റോയി അടക്കം മുഴുവൻ പ്രതികളെയെയും ഉടൻ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു. പട്ടിമറ്റത്തു നിന്ന് പിടികൂടിയത് മുള്ളൂർക്കരയിൽ നിന്നുള്ള ആനയുടെ കൊമ്പ് തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം ഇന്ന് ലഭിച്ചേക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News