കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ
സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജിയെ കുറ്റിപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്തത്
Update: 2023-10-30 13:26 GMT


മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജിയെ കുറ്റിപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്തത്. തൃശൂർ-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിലായിരുന്നു അതിക്രമം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. യുവതിയുടെ സീറ്റിനടുത്തെ കമ്പിയിൽ ചാരി നിന്ന ഇയാൾ യുവതിയുടെ ശരീരത്തിൽ പലതവണ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി ബഹളം വെക്കുകയും സഹയാത്രികരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബസ് കുറ്റിപ്പുറം എത്തിയപ്പോൾ കുറ്റിപ്പുറം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.