കല്ലുപ്പിൽ മുട്ടുകുത്തി വനിതാ സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം; ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന ബിനുസ്മിതയെയാണ് ആശുപതിയിലേക്ക് മാറ്റിയത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കല്ലുപ്പിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ച വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാരിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന ബിനുസ്മിതയെയാണ് ആശുപതിയിലേക്ക് മാറ്റിയത് . റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 13 ദിവസം മാത്രം ശേഷിക്കെ സമരം ശക്തമാക്കുകയാണ് ഉദ്യോഗാർഥികൾ.
30 ശതമാനത്തില്‍ താഴെ ഉദ്യോഗാർഥകൾക്ക് മാത്രമേ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളു, ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർത്ഥികൾ സമരത്തിലേക്ക് കടന്നത്. ഉദ്യോഗാർഥിയായ ബിനുസ്മിത മാത്രമാണ് നിലവിൽ നിരാഹാരമിരുന്നത്. ഒപ്പം നിരാഹാരമനുഷ്ഠിച്ചിരുന്ന ഹനീന,നിമിഷ, എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മറ്റുള്ളവർ വാ മൂടികെട്ടിയും സമരത്തിന്റെ ഭാഗമാകുന്നുണ്ട്.
സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർത്ഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്. ഉയർന്ന കട്ടോഫും, ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂർത്തിയാക്കി ലിസ്റ്റിൽ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 നാണ് അവസാനിക്കുക.