ഇതരസംസ്ഥാനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വനിത കമ്മീഷൻ; നടപടി ശാന്തൻ പാറയിലെ കൂട്ടബലാംത്സഗത്തിന്റെ പശ്ചാത്തലത്തിൽ
സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് ആളുകളാണ് ഇടുക്കിയിലെ വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നത്
ഇടുക്കി: ഇതര സംസ്ഥാനത്തു നിന്നെത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. ഇടുക്കി ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ.
സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ഇടുക്കിയിലെ വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നത്. ഇവരുടെ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് തൊഴിലുടമകൾ കൈമാറണമെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാൽ പറഞ്ഞു.സ്ത്രീകളും കുട്ടികളും തൊഴിലിനായും അല്ലാതെയും എത്തുന്നുണ്ട്. അവരുടെ വിവരങ്ങൾ തൊഴിലുടമകൾ നൽകുന്നില്ലെന്നും ഷാഹിദ കമാൽ പറഞ്ഞു.ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുമെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഇരുന്നൂറിലധികം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തതിട്ടുള്ളത്.