'ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ, നോവൽ, നോവൽ'; വിവാദത്തിൽ വിശദീകരണവുമായി ബെന്യാമിൻ

'എന്റെ കഥയിലെ നായകൻ നജീബാണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു'

Update: 2024-03-31 11:01 GMT
Advertising

ആടുജീവിതം തന്റെ നോവൽ മാത്രമാണെന്നും അതിൽ അനേകം പേരുടെ പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും എഴുത്തുകാരൻ ബെന്യാമിൻ. ആടുജീവിതം സിനിമ പുറത്തിറങ്ങിയതോടെ ആടുമായി നോവലിലെ നായകൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നോവലിസ്റ്റായ ബെന്യാമിൻ വിശദീകരണവുമായെത്തിയത്. കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് വിശദീകരണം നൽകിയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷുക്കൂർ പ്രവാസ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് നോവലിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നോവലിലെ നായകൻ ആടുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ഷൂട്ട് ചെയ്തതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകൻ ബ്ലെസിയും പറഞ്ഞതായും വാർത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബെന്യാമിന്റെ വിശദീകരണം.

'എന്റെ കഥയിലെ നായകൻ നജീബാണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക' കുറിപ്പിൽ ബെന്യാമിൻ പറഞ്ഞു.

Full View

അതേസമയം, കുഞ്ഞിക്കയാണെന്ന് പറഞ്ഞു രംഗത്ത് വന്നയാളെ താൻ ഒരു കഥയും കേൾക്കാൻ സമീപിച്ചിട്ടില്ലെന്നും ബെന്യാമിൻ പറഞ്ഞു.

'ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ..' ഫേസ്ബുക്കിൽ ബെന്യാമിൻ കുറിച്ചു.

Full View

അതേസമയം, ബോക്‌സോഫീസ് കീഴടക്കി മുന്നേറുകയാണ് ആടുജീവിതം സിനിമ. തിയറ്റുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കലക്ഷൻ റിപ്പോർട്ടുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നു മാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 16.7 കോടിയാണ് ആദ്യ ദിവസത്തെ കലക്ഷൻ. പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യദിന കലക്ഷൻ നേടുന്ന ചിത്രവും ആടുജീവിതമാണ്. തെലുങ്കിലും കന്നഡയിലും ഏകദേശം 40 ലക്ഷം രൂപ വീതം നേടിയപ്പോൾ തമിഴിൽ 50 ലക്ഷം രൂപയും ഹിന്ദിയിൽ 10 ലക്ഷവുമാണ് കലക്ഷൻ.

Full View

ബുക്കിങ് ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ റെക്കോർഡ് ബുക്കിങ്ങായിരുന്നു. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തിൽ വിറ്റുപോയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ ഇൻട്രസ്റ്റ് ക്ലിക്ക് ലഭിച്ചതും ആടുജീവിതത്തിനായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തിൽ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്.

'ആടുജീവിതം' പ്രേക്ഷകർ ഏറ്റെടുത്തതിൽ നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം നന്ദി അറിയിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം നീണ്ടുപോവുകയും ചെയ്തു. ചിത്രത്തിനായി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.

മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ആടുജീവിതം. സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News