'പാസ്പോര്‍ട്ട് പുതുക്കാന്‍ കോടതിയില്‍ പോകണം'; സി.എ.എ കേസുകള്‍ പിന്‍വലിച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ എഴുത്തുകാരി ജെ. ദേവിക

കഴിഞ്ഞ സി.എ.എ വിരുദ്ധസമരത്തില്‍ കേരളാപൊലീസ് എടുത്ത കേസുകള്‍ ഹൈകോടതി പറഞ്ഞിട്ടും ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതെന്നും ദേവിക ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി

Update: 2024-03-16 07:44 GMT
Advertising

തിരുവനന്തപുരം: സി.എ.എ കേസുകള്‍ പിന്‍വലിച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പ്രതികരിച്ച് എഴുത്തുകാരി ജെ. ദേവിക. മുഖ്യമന്ത്രി സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതിനേയും ദേവിക വിമര്‍ശിച്ചു.

കഴിഞ്ഞ സി.എ.എ വിരുദ്ധസമരത്തില്‍ കേരളാപൊലീസ് എടുത്ത കേസുകള്‍ ഹൈകോടതി പറഞ്ഞിട്ടും ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതെന്നും ദേവിക ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.

'സി.എ.എ കേസുകള്‍ പിന്‍വലിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കോടതിയോട് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സൂചിപ്പിച്ച ഗവണ്‍മെന്റ് ഓര്‍ഡറിന്റെ നമ്പര്‍ തെറ്റായിരുന്നു. ഓര്‍ഡര്‍ നമ്പര്‍ അനുസരിച്ച് എടുത്ത നടപടി പാസ്‌പോര്‍ട്ട് റിന്യൂ ചെയ്യാന്‍ പറ്റില്ല എന്നാണ്. അതിനുവീണ്ടും കോടതിയില്‍ പോകണം. എങ്ങനെയെങ്കിലും ശിക്ഷിക്കണമല്ലോ കാരണം ഞാന്‍ പിന്തുണച്ചു എന്നു പറയപ്പെടുന്ന സമരം നയിച്ചത് പിണറായി വിജയന്‍ അല്ലായിരുന്നല്ലോ' - ദേവിക കുറിച്ചു.

ജെ. ദേവികയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

പിണറായി വിജയൻ സംസ്ഥാനമൊട്ടുക്ക് സിഏഏവിരുദ്ധറാലികൾക്ക് നേതൃത്വം കൊടുക്കാൻ പോകുന്നുവെന്ന് കേട്ടു. പക്ഷേ കഴിഞ്ഞ സിഏഏവിരുദ്ധസമരത്തിൽ കേരളാപോലീസ് എടുത്ത അസംബന്ധകേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല.

ഹൈകോടതി പറഞ്ഞിട്ടുപോലും. ഹൈകോടതിയിലെ ക്വാഷ് പെറ്റിഷൻ കേട്ട കോടതി കേരളസർക്കാർ പരസ്യമായി നടത്തിയ പിൻവലിക്കൽപ്രഖ്യാപത്തെപ്പറ്റി ചോദിച്ചപ്പോൾ പിൻവലിക്കാൻ തന്നെയാണ് തീരുമാനമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞതാണ്. പിന്നെ അറിഞ്ഞത്, അദ്ദേഹം അവിടെ സൂചിപ്പിച്ച ഗവൺമെൻറ് ഓർഡറിൻറെ നമ്പർ തെറ്റാണ് -- അതല്ലെങ്കിൽ അങ്ങനെയൊരു ഓർഡർ ഇല്ല

ചുരുക്കിപ്പറഞ്ഞാൽ എനിക്ക് പാസ്പോർട്ട് റിന്യൂ ചെയ്യാൻ പറ്റില്ല. അതിനു വീണ്ടും കോടതിയിൽ പോകണം.

എങ്ങനെയെങ്കിലും ശിക്ഷിക്കണമല്ലോ, അല്ലേ ... കാരണം, ഞാൻ പിന്തുണച്ചു എന്നു പറയപ്പെടുന്ന സമരം നയിച്ചത് പിണറായി വിജയൻ അല്ലായിരുന്നല്ലോ...

ഓൺലൈനിൽ ദൂരെയുള്ള ഗവേഷണപങ്കാളികളുമായി ബന്ധപ്പെടാമെന്നതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെടുന്നത്. യൂറോപ്യൻ സർവകലാശാലകളുമായുള്ള സഹഗവേഷണത്തിലെ ആശയവിനിമയം മുഴുവൻ ഇപ്പോൾ അങ്ങനെയാണ്. അക്കാദമികവിദേശയാത്രകളെ പൊതുവെ സംശയത്തോടുകൂടി നോക്കുന്നതുകൊണ്ട് അത്ര വിഷമവും ഇല്ല. പക്ഷേ അനീതി തന്നെയാണ് ഇത്.

ഈ സർക്കാരിനോട് കൊഞ്ചിക്കുഴഞ്ഞ് സ്തുതിപാടി, എസ് എഫ് ഐക്കാരുടെ ഹിംസപോലും കാണാതെ സമയത്തിനു കണ്ണടയ്ക്കുന്ന, ഇല്ലാത്ത ബുദ്ധിജീവിതം പ്രതീതിയായി നിർമ്മിച്ചെടുത്തുകൊണ്ടിരിക്കുന്ന, കൊച്ചമ്മമാർ ക്ഷമിക്കണം. ഞാനിതു പറഞ്ഞുകൊണ്ടേയിരിക്കും.

സർക്കാരിൻറെ സിഏഏവിരുദ്ധത കാണുമ്പോൾ തോന്നിയ കാര്യം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News