'മന്ത്രിയും ബോട്ട് ഉടമയും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കണം'; വി. അബ്ദുറഹ്മാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്- സംഘർഷം
മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു
താനൂർ: മന്ത്രി വി. അബ്ദുറഹ്മാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജകമണ്ഡലം കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മൂലക്കലിലെ മന്ത്രിയുടെ ഓഫീസിലേക്കാണ് യൂത്ത് ലീഗ് മാർച്ച് നടത്തിയത്. ബോട്ടിന് അനധികൃതമായി സർവീസ് നടത്താൻ അനുവദിച്ചതിൽ മന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ച്.
മന്ത്രിയും ബോട്ട് ഉടമയും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കുക, നിർത്തിവെച്ച അനധികൃത ബോട്ട് സർവീസ് പുനരാരംഭിക്കാൻ അനുമതി കൊടുത്ത ഉന്നതനെതിരേ അന്വേഷണം നടത്തുക, മന്ത്രിയുടെ അടുപ്പക്കാരനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് മാർച്ച്. പൊലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വലിയ വീഴ്ച്ചയാണ് സംഭവിച്ചത്. വളരെ വൈകിയാണ് പൊലീസ് ബാരിക്കേഡുമായെത്തിയത്.
അതേസമയം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സർവീസ് നടത്തിയതെന്ന് ഇടനിലക്കാരൻ കബീർ വെളിപ്പെടുത്തി. യാതൊരു രേഖകളുമില്ലാത്ത ബോട്ടിന് എല്ലാ രേഖകളും സംഘടിപ്പിക്കുമെന്ന് കേസിൽ അറസ്റ്റിലായ നാസറിന്റെ സഹോദരനും സിപിഎം പ്രാദേശിക നേതാവുമായ ഹംസക്കുട്ടി പറഞ്ഞു. മന്ത്രി വി. അബ്ദുറഹ്മാനുമായി ഹംസക്കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ബോട്ട് നിർമ്മാണം തടഞ്ഞിരുന്നെങ്കിലും ഉന്നത ഇടപെടൽ മൂലം നിർമ്മാണം പുനഃരാരംഭിച്ചതായും കബീർ എ.കെ മീഡിയവണ്ണിനോട് പറഞ്ഞു.
പുതുപൊന്നാനി പാലപ്പെട്ടിയിൽ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വഞ്ചി നാസർ വാങ്ങുകയും പിന്നീട് ബോട്ടാക്കി മാറ്റുകയുമായിരുന്നു. കച്ചവടത്തിൽ ഇടനിലക്കാരാനായിരുന്നു കബീർ. 95000 രൂപക്കാണ് വഞ്ചി വിറ്റത്. ടൂറിസത്തിനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു. കുടുംബത്തിന് സഞ്ചരിക്കാൻ വേണ്ടിയാണ് ബോട്ടെന്ന് പറഞ്ഞു. നേരത്തെ ഹൗസ് ബോട്ടുകൾ വാങ്ങാൻ നോക്കി വില കൂടുതലാണെന്ന് പറഞ്ഞാണ് ഫൈബർ വള്ളം വാങ്ങിയതെന്നും കബീർ വെളിപ്പെടുത്തി.