കോട്ടയം തിരുനക്കരയിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; കത്തിക്കുത്ത്, വടിവാൾ വീശൽ
ഇന്നലെ ആറ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. മൂന്നു പേർക്ക് കത്തിക്കുത്തേറ്റിട്ടുണ്ട്.


കോട്ടയം: തിരുനക്കരയിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ കത്തിക്കുത്തും കുരുമുളക് സ്പ്രേ പ്രയോഗവുമുണ്ടായി. തിരുനക്കര ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് ഗാനമേളകൾ നടന്നിരുന്നു. ഈ മൂന്ന് ദിവസവും ലഹരി ഉപയോഗിച്ച യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഇന്നലെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഘം വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ ആറ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. മൂന്നു പേർക്ക് കത്തിക്കുത്തേറ്റിട്ടുണ്ട്. ഇടുക്കി ശാന്തൻപാറ സ്വദേശി ഹരിശങ്കർ, പൂന്തുരുത്ത് സ്വദേശി അലോഷി, പാക്കൽ സ്വദേശി ഹാരോൺ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ മെഡി. കോളജിൽ ചികിത്സയിലാണ്.
പലർക്കും ഹെൽമറ്റും മറ്റും കൊണ്ടുള്ള അടിയേറ്റും പരിക്കേറ്റു. ഉത്സവത്തിൽ പാട്ടിനൊപ്പം തുള്ളുമ്പോൾ ശരീരത്തിൽ തട്ടുന്നതുൾപ്പെടെയുള്ള നിസാര കാര്യങ്ങൾക്കാണ് യുവാക്കൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പ്രതികരിച്ചു.