ബയോമൈനിങ് കരാറില്‍ നിന്ന് സോണ്ട പുറത്ത്; ബദല്‍ മാര്‍ഗം കാര്യക്ഷമമാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

ബിപിസിഎല്‍ പ്ലാന്റ് യാഥാര്‍ഥ്യമാകും വരെ സ്വകാര്യ ഏജന്‍സികള്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് മേയര്‍

Update: 2023-05-31 01:24 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ബയോമൈനിങ് കരാറില്‍ നിന്ന് സോണ്ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കയതോടെ മാലിന്യസംസ്കരണത്തിനുളള ബദല്‍ മാര്‍ഗം കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍. നാളെ മുതല്‍ കോര്‍പറേഷനിലെ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ല. ബിപിസിഎല്‍ പ്ലാന്റ് യാഥാര്‍ഥ്യമാകും വരെ സ്വകാര്യ ഏജന്‍സികള്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് മേയര്‍ അനില്‍കുമാര്‍ വ്യക്തമാക്കി. എന്നാല്‍ എവിടേക്കാണ് മാലിന്യം കൊണ്ടുപോകുക എന്ന പ്രതിപക്ഷ ചോദ്യത്തിന് മേയര്‍ ഉത്തരം നല്‍കിയില്ല.

ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് സോണ്ട ഇന്‍ഫ്രാടെക്കിന് ബയോമൈനിങ് കരാര്‍ അവസാനിപ്പിക്കുന്നതിനായി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയത്. ഈ തീരുമാനം കൗണ്‍സില്‍ അംഗങ്ങള്‍ വിയോജിപ്പില്ലാതെ അംഗീകരിക്കുകയും ചെയ്തു. സോണ്ടയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ നല്‍കാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

നാളെമുതല്‍ കൊച്ചി കോര്‍പറേഷനിലെ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ല. പട്ടികയിലുള്‍പ്പെടുത്തിയ മൂന്ന് കമ്പനികളില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന കമ്പനി മാലിന്യം ശേഖരിക്കുമെന്ന് കൊച്ചി മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. എന്നാല്‍ എവിടെയാണ് മാലിന്യം കൊണ്ടുപോവുകയെന്ന പ്രതിപക്ഷ ചോദ്യത്തിന് കൃത്യമായ ഉത്തരം മേയര്‍‌ നല്‍കിയിട്ടില്ല. ഇത് ചെറിയ രീതിയില്‍ ഭരണപ്രതിപക്ഷ തര്‍ക്കത്തില്‍ കലാശിച്ചു. ബിപിസിഎല്‍ മാലിന്യപ്ലാന്റ് യാഥാര്‍ഥ്യമാകും വരെ ഇതേ നടപടി തുടരാനാണ് കോര്‍പറേഷന്റെ തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരണത്തിനായി നിലവില്‍ ക്ലീന്‍ കേരളയ്ക്കാണ് കൈമാറുന്നത്.

അതേസമയം,  കൊച്ചി കോർപ്പറേഷനെതിരെ സോണ്ട കമ്പനി നൽകിയ ആർബ്രിട്രേഷൻ ഹരജി ജില്ലാ കോടതി ഇന്ന് പരിഗണിക്കും. ബ്രഹ്മപുരത്തെ ബയോമൈനിങ്ങുമായി ബന്ധപ്പെട്ട കരാറിൽ ആർബിട്രേഷനിലൂടെ പരിഹാരം കാണണമെന്നാണ്  ഹരജിയിലെ പ്രധാന ആവശ്യം. സോണ്ടയുടെ ഹരജിയിൽ കോർപ്പറേഷന്റെ മറുപടി കോടതി ഇന്ന് പരിശോധിക്കും. ആർബിട്രേഷനിലൂടെ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ കോർപ്പറേഷൻ 23 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News