കൂവിവരവേറ്റവരെ എഴുന്നേറ്റു നിന്ന് കയ്യടിപ്പിച്ച കോഹ്‌ലി

അവസാന മൂന്നുവിക്കറ്റില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്ത 105 റണ്‍സില്‍ 92ഉം ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നായിരുന്നു. പത്താം വിക്കറ്റില്‍ 57 റണ്ണില്‍ ഉമേഷ് യാദവ് നേടിയത് വെറും ഒരു റണ്‍

Update: 2018-08-03 06:03 GMT
Advertising

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംങിനിറങ്ങിയപ്പോള്‍ കൂവിക്കൊണ്ടായിരുന്നു ഇംഗ്ലീഷ് ആരാധകര്‍ വരവേറ്റത്. 220 പന്തുകളില്‍ നിന്നും 149 റണ്‍ നേടി അവസാന വിക്കറ്റിന്റെ രൂപത്തില്‍ പുറത്തായപ്പോഴേക്കും അതേ ആരാധകരെക്കൊണ്ട് എഴുന്നേറ്റു നില്‍പ്പിച്ച് കോഹ്‌ലി കയ്യടിപ്പിച്ചു. മത്സരത്തിന്റെ നൂറിലേറെ റണ്‍സിന്റെ മേധാവിത്വം ഇംഗ്ലണ്ടിന് ലഭിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിപ്പിരുന്നു. അത് വെറും 13 റണ്‍സിന്റെ കുടിശ്ശികയിലേക്കെത്തിച്ചത് ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. കോഹ്‌ലിക്ക് പിന്നിലെ രണ്ടാമത്തെ ഇന്ത്യന്‍ ഇന്നിംങ്‌സിലെ ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സായിരുന്നു.

ये भी पà¥�ें- ബര്‍മിങ്ഹാം ടെസ്റ്റ്: കോഹ്‌ലി സെഞ്ചുറി നേടിയിട്ടും ഇംഗ്ലണ്ടിന് ലീഡ്

ये भी पà¥�ें- ഐ.സി.സി ടെസ്റ്റ് റേറ്റിങ്ങില്‍ കോഹ്‍ലി സച്ചിനെ മറികടക്കുമോ?

2014ലെ ഇംഗ്ലണ്ട് പര്യടനം കോഹ്‌ലി ഓര്‍ക്കാനാഗ്രഹിക്കാത്തതാണ്. അന്ന് 10 ഇന്നിംങ്‌സുകളില്‍ നിന്നും വെറും 134 റണ്‍ മാത്രമായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. ഇത്തവണ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ കോഹ്‌ലിയെ ഏറ്റവും കൂടുതല്‍ അപമാനിച്ചത് ഈ കണക്കു പറഞ്ഞായിരുന്നു. ഇംഗ്ലണ്ട് മണ്ണില്‍ 39 റണ്‍സായിരുന്നു വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍. ഭുവനേശ്വര്‍ കുമാറിന്റെ അത്രപോലുമുമെത്താത്ത പ്രകടനത്തിന്റെ പേരില്‍ കോഹ്‌ലി കേള്‍ക്കാത്ത പഴികളില്ല. അതെല്ലാം ഒരൊറ്റ ഇന്നിംങ്‌സിലൂടെ മായ്ച്ചുകളഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഇംഗ്ലണ്ടിലെ കോഹ്‌ലിയുടെ പ്രകടനം ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ചവരോട് 'നാലു വര്‍ഷം മുമ്പത്തെ കോഹ്‌ലിയല്ല ഇപ്പോഴത്തെ കോഹ്‌ലി' എന്നായിരുന്നു രവിശാസ്ത്രി പറഞ്ഞത്. രവിശാസ്ത്രിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതായി ക്യാപ്റ്റന്‍ കോഹ്‌ലിയുടെ പ്രകടനം. ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ രണ്ട് തവണ വിട്ടുകളഞ്ഞതും കോഹ്‌ലിക്കും ഇന്ത്യക്കും ഗുണമായി. വ്യക്തിഗത സ്‌കോര്‍ 21ലും 51ലും നില്‍ക്കുമ്പോഴായിരുന്നു കോഹ്‌ലിയെ പുറത്താക്കാനുള്ള അവസരം ഇംഗ്ലണ്ട് കൈവിട്ടത്. ടെസ്റ്റില്‍ മേല്‍ക്കൈ നേടാനുള്ള സുവര്‍ണ്ണാവസരങ്ങളായിരുന്നു ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയതെന്ന് ഏറെ വൈകാതെ ഇംഗ്ലണ്ട് തിരിച്ചറിയുകയും ചെയ്തു.

ഒരുഘട്ടത്തില്‍ ഏഴിന് 169 എന്ന നിലയിലെത്തിയ ഇന്ത്യയെ വാലറ്റക്കാരെ ഒരറ്റത്ത് നിര്‍ത്തി കോഹ്‌ലി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. അവസാന മൂന്നുവിക്കറ്റില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്ത 105 റണ്‍സില്‍ 92ഉം ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നായിരുന്നു. പത്താം വിക്കറ്റില്‍ 57 റണ്ണില്‍ ഉമേഷ് യാദവ് നേടിയത് വെറും ഒരു റണ്‍. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൂടുതല്‍ അപകടകാരിയാണെന്ന വിശേഷണം ശരിവെക്കുന്നതായിരുന്നു ആ ഇന്നിംങ്‌സ്. ഒടുവില്‍ റാഷിദിന്റെ പന്തില്‍ പോയിന്റില്‍ ബ്രോഡിന് ക്യാച്ച് നല്‍കി കോഹ്‌ലി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നുയര്‍ന്നത് ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ മാത്രമായിരുന്നു. കൂവലേറ്റ് വന്നവന്‍ തിരിച്ചു നടക്കുമ്പോള്‍ എഡ്ജ്ബാസ്റ്റണിലെ ഗാലറിയിലെ കാണികള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച് ആദരിക്കുകയായിരുന്നു.

Tags:    

Similar News