എം.ടിയുടെ വിയോഗത്തിൽ അനുശോചനവുമായി മന്ത്രിമാർ
ഒരു ഇതിഹാസ കഥപോലെ അനശ്വരനായിരിക്കും എം.ടിയെന്ന് സ്പീക്കർ എ.എൻ ഷംസീർ
വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗം രേഖപ്പെടുത്തി സംസ്ഥാനത്തെ മന്ത്രിമാർ.
'മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എം.ടിയുടെ വിയോഗത്തിൽ പ്രതികരിച്ചത്.
'ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കും.' എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് കുറിച്ചു.
മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
മലയാള ഭാഷ ഉള്ളിടത്തോളം എംടിയുടെ വാക്കുകളും കഥാപാത്രങ്ങളും മലയാളികൾക്കൊപ്പം ജീവിക്കുമെന്ന് റെവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
മലയാളസാഹിത്യത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചതെന്നും ആ സർഗപ്രപഞ്ചം ഇനിയും കാലങ്ങളിലേക്ക് നീണ്ടു കിടക്കും എന്നുമായിരുന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
മലയാള സാഹിത്യം എം.ടിക്ക് മുമ്പും ശേഷവുമെന്ന് വേർതിരിക്കാമെന്നായിരുന്നു കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്റെ പ്രതികരണം.
തലമുറകൾക്കുള്ള പാഠപുസ്തകമാണ് എം.ടിയുടെ പാഠപുസ്തകമെന്നാണ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞത്.
എം.ടിയുടെ വിയോഗം നികത്താനാകാത്തതാണെന്നായിരുന്നു വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം.
'മലയാള ഭാഷയെ അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിന് പരിചയപ്പെടുത്തിയ എം ടിയുടെ വിയോഗം നമുക്ക് തീരാ നഷ്ടം ആണ്. മലയാള സാഹിത്യത്തിന് ഈ വിയോഗം താങ്ങാവുന്നതിൽ അപ്പുറമാണ്. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടിയ സാഹിത്യകാരനെയാണ് നമുക്ക് നഷ്ടമാകുന്നത്.' എന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
താൻ മാധ്യമപ്രവർത്തകയായിരിക്കെ എം.ടിയെ അഭിമുഖം ചെയ്ത അനുഭവമായിരുന്നു മന്ത്രി വീണാ ജോർജ് കുറിച്ചത്.
'എപ്പോഴും തന്റെ പക്ഷം നീതിയുടെയും മനുഷ്യസാഹോദര്യത്തിന്റേതുമാണെന്ന് അദ്ദേഹം രചനകളിലൂടെ ലോകത്തെ അറിയിച്ചു. ഈ വേർപാടിന്റെ വിടവ് മലയാള സാഹിത്യത്തിലും
സാമൂഹ്യ ജീവിതത്തിലും ഏറെക്കാലം നിലനിൽക്കും.'' എന്നായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പ്രതികരിച്ചത്.
മലയാളകഥയുടെ രാജശിൽപ്പിയാണ് വിട വാങ്ങിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഇതിഹാസ കഥപോലെ അനശ്വരനായിരിക്കും എംടിയെന്ന് സ്പീക്കർ എ.എൻ ഷംസീർ പ്രതികരിച്ചു