സന്ദർശകരുടെ ഒഴുക്ക്; ഖത്തറിലെ റാസ് അബ്രൂഖിലെ പ്രവർത്തന സമയം നീട്ടി
ദോഹ: ഖത്തറിലെ പുതിയ വിനോദ സഞ്ചാരകേന്ദ്രമായ റാസ് അബ്രൂഖിലെ പ്രവർത്തന സമയം നീട്ടി. വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി പത്ത് വരെ ഇവിടെ സന്ദർശിക്കാം. മറ്റുദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിമുതൽ രാത്രി 10 വരെയാണ് പ്രവേശനം. സന്ദർശകരുടെ എണ്ണം കൂടിയതോടെയാണ് റാസ് അബ്രൂക്കിലെ പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. ഇതോടൊപ്പം തന്നെ സന്ദർശകർക്കായി വൈവിധ്യമാർന്ന പരിപാടികളും ഖത്തർ ടൂറിസം ഇവിടെ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7 മണിക്ക് സഅദ് അൽ ഫഹദിന്റെ മ്യൂസിക്കൽ കൺസേർട്ടാണ് ഈ ആഴ്ചയിലെ പ്രധാന ആകർഷണം. റാസ് അബ്രൂക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് എടുക്കുന്നവർക്ക് സംഗീത പരിപാടി സൗജന്യമായി ആസ്വദിക്കാം.നാളെ മുതൽ ഹോട്ട് എയർ ബലൂൺയാത്ര, ഒട്ടക സവാരി, ആർച്ചെറി ഗെയിംസ് എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വെള്ളി,ശനി ദിവസങ്ങളിലാണ് രാവിലെ 10 മുതൽ രാത്രി 10 വരെ റാസ് അബ്രൂക്ക് സജീവമാകുക. ജനുവരി 18 വരെയാണ് പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം പൈതൃക കാഴ്ചകൾ കൂടി സമ്മേളിക്കുന്ന ഈ വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തിക്കുക