ഈ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്!
ഭക്ഷണം കേടുവരാതെ സൂക്ഷിക്കാമെങ്കിലും എല്ലാമങ്ങ് കുത്തിനിറക്കാവുന്ന ഒരു സ്ഥലമല്ല റെഫ്രിജറേറ്ററുകൾ
കോഴിക്കോട്: ബാക്കിവരുന്ന ഭക്ഷണസാധനങ്ങളെല്ലാം ഫ്രിഡ്ജിൽ കുത്തിനിറക്കുന്ന ശീലമുണ്ടാകും മിക്ക വീടുകളിലും. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാമെങ്കിലും എല്ലാമങ്ങ് കയറ്റിവയ്ക്കാവുന്ന ഒരു സ്ഥലമല്ല റെഫ്രിജറേറ്ററുകൾ. ഫ്രിഡ്ജിൽനിന്നു മാറ്റിനിർത്തേണ്ട ചില സാധനങ്ങളുമുണ്ട്. അത് ഏതൊക്കെയെന്ന് അറിയാം.
ബ്രെഡ്
സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ള ഭക്ഷണസാധനമാകും ബ്രെഡ്. ബ്രെഡ് തണുപ്പിക്കാൻ വയ്ക്കുന്നതിനു പ്രശ്‌നമില്ലെങ്കിലും അതു ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. വേഗത്തിൽ ഉണങ്ങിപ്പോകാൻ അതു കാരണമാകും. സാധാരണ മുറിയുടെ ഊഷ്മാവിൽ തന്നെ സൂക്ഷിച്ചുവയ്ക്കുന്നതാണു നല്ലത്.
ഉരുളക്കിഴങ്ങ്
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഉരുളക്കിഴങ്ങിന്റെ രുചിയെ തന്നെ അതു ബാധിക്കും. പേപ്പർ ബാഗിൽ സൂക്ഷിച്ചുവയ്ക്കുന്നതാണ് നല്ലത്. ഈർപ്പം നിറഞ്ഞു വേഗത്തിൽ കേടാകാൻ ഇടയുള്ളതിനാൽ പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കാതിരിക്കാൻ നോക്കണം.
ഉള്ളി
ഉള്ളി ചെറിയ തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് ഒരു പേപ്പർ ബാഗിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഉരുളക്കിഴക്കിൽനിന്ന് അകലത്തിൽവയ്ക്കാനും സൂക്ഷിക്കണം. ഉരുളക്കിഴങ്ങ് ഉള്ളി പെട്ടെന്നു കേടുവരാനിടയാക്കുന്ന തരത്തിലുള്ള ഈർപ്പവും വാതകവും പുറത്തുവിടും.
തക്കാളി
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തക്കാളിയുടെ രുചി നഷ്ടപ്പെടും. തക്കാളിയുടെ കട്ടി കുറഞ്ഞ് പെട്ടെന്നു വാടുകയും ചെയ്യും.
നേന്ത്രപ്പഴം
മുറിയുടെ ഊഷ്മാവിലാണ് നേന്ത്രപ്പഴം സൂക്ഷിക്കേണ്ടത്. തുറന്ന കാറ്റിലും വെളിച്ചത്തിലും വച്ചില്ലെങ്കിൽ പഴം പെട്ടെന്ന് പഴുത്ത് കേടാകാനിടയുണ്ട്.
കാപ്പി:
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കാപ്പിയുടെ രുചിതന്നെ മാറും. അതുകൊണ്ട് അടച്ചുവച്ചൊരു പാത്രത്തിൽ സൂര്യവെളിച്ചത്തിൽനിന്നു മാറി സൂക്ഷിക്കുന്നതാണു നല്ലത്.
തേൻ
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തേനിന്റെ കട്ടി കൂടും. റൂമിന്റെ താപനിലയിലും നേരിട്ടുള്ള സൂര്യവെളിച്ചത്തിൽനിന്നു മാറിയുമാണ് തേൻ സൂക്ഷിക്കേണ്ടത്.
വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്ജിൽ വച്ചാൽ അതിന്റെ രുചി മാറുമെന്നു മാത്രമല്ല വേഗത്തിൽ കേടുവരാനുമിടയുണ്ട്. ഇരുണ്ടതും തണുപ്പുള്ളതുമായ ഒരു അന്തരീക്ഷത്തിൽ പേപ്പർ ബാഗിലാക്കി വയ്ക്കുന്നതാണു നല്ലത്.
Summary: 8 Foods you should never store in the fridge