വിൽ സ്മിത്തിന്‍റെ ഭാര്യ തല മുണ്ഡനം ചെയ്തതെന്തിന്? എന്താണ് അലോപേഷ്യ ഏരിയേറ്റ?
ജാദ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഓസ്‌കർ വേദിയിൽ ക്രിസ് റോക്കിന്റെ പരിഹാസം
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ നടന്‍ വില്‍ സ്മിത്ത്, അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു. ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.
''അവര്‍ക്കിനി ജി.ഐ ജെയ്‌നിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാം'' എന്നാണ് ജാദ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടി കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്ക് പറഞ്ഞത്. 1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചായിരുന്നു അഭിനയിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ വില്‍ സ്മിത്ത് വേദിയിലേക്കു നടന്നുചെന്ന് റോക്കിന്‍റെ മുഖത്തടിച്ചു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ ഇരിപ്പിടത്തിലെത്തിയ വില്‍ സ്മിത്ത് ''നിന്റെയാ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയുടെ പേരു പറയരുത്'' എന്ന് വിളിച്ച്പറയുകയായിരുന്നു.
Here's the moment Chris Rock made a "G.I. Jane 2" joke about Jada Pinkett Smith, prompting Will Smith to punch him and yell, "Leave my wife's name out of your f--king mouth." #Oscars pic.twitter.com/kHTZXI6kuL
— Variety (@Variety) March 28, 2022
വര്‍ഷങ്ങളായി ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയിലൂടെ കടന്ന്പോവുകയാണ് ജാദ. ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്ന ഏതെങ്കിലും ശരീരഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പലപ്പോഴും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. മുടികൊഴിച്ചിലാണ് ഇതിന്‍റെ ഫലം. അസുഖം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന് നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ജാദ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
സാരമാക്കരുത് മുടികൊഴിച്ചില്‍
ഏകദേശം ഇരുപതുതരം അലോപേഷ്യകളുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങളാവും ഉണ്ടാകുക. ഇവയെ പ്രധാനമായും സ്കാറിങ് അലോപേഷ്യ, നോൺ– സ്കാറിങ് അലോപേഷ്യ എന്നിങ്ങനെ തരം തിരിക്കാം. സ്കാറിങ് അലോപേഷ്യ ഹെയർ ഫോളിക്കിൾസിന് സ്ഥിരമായ നാശമാണ് ഉണ്ടാക്കുക. ഇതിനെ മാറ്റാനാകില്ല. അതിനാൽ ശരിയായ സമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകി രോഗ വ്യാപനം തടയുകയും വേണം.
പതിവിൽ കവിഞ്ഞ മുടി കൊഴിച്ചിൽ, ശിരോചര്‍മം പുറത്തു കാണുക, നാണയ വട്ടത്തിലും മറ്റും മുടി കൊഴിഞ്ഞു പോകുക, ശിരോചർമത്തിൽ പഴുപ്പോ അണുബാധയോ ഉണ്ടാകുക എന്നീ സാഹചര്യമുണ്ടായാൽ ഒരു ഡെർമറ്റോളജിസ്റ്റിനെയോ ട്രൈക്കോളജിസ്റ്റിനെയോ കണ്ട് കൃത്യമായ രോഗനിർണയം നടത്തണം.
പാരമ്പര്യമായിട്ടുള്ള മുടികൊഴിച്ചിലിനു കൊടുക്കുന്ന ചികിത്സയല്ല സ്വയം പ്രതിരോധശേഷി മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന് നൽകേണ്ടത്. സാധാരണ കണ്ടുവരുന്ന പാരമ്പര്യമായ മുടി കൊഴിച്ചിൽ ഒരു ട്രൈക്കോ സ്‌കാൻ ഉപയോഗിച്ചുള്ള ശിരോചർമ പരിശോധനയിലൂടെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. ഇത്തരം മുടികൊഴിച്ചില്‍ ഒരു പാറ്റേൺ പിന്തുടരുന്നുണ്ട്.
അലോപേഷ്യ ടെസ്റ്റില്‍ ട്രൈക്കോസ്‌കാൻ പോലെയുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ശിരോചർമ്മവും ഓരോമുടിയിഴകളുടെ വേരും വിശദമായി പരിശോധിക്കും. ഇതിലൂടെ ശിരോചർമത്തിൽ എന്തെങ്കിലും പഴുപ്പോ അണുബാധയോ ഉണ്ടെങ്കിൽ അതിനു വേണ്ടിയുള്ള പ്രത്യേക ചികിത്സ നൽകും. ചെറിയ ഹെയർ ഫോളിക്കിൾസ് ഉണ്ടെങ്കിൽ അവയുടെ വിതരണം എങ്ങനെയെന്നും എത്ര ശതമാനമെന്നും മനസ്സിലാക്കിയാണ് ഓരോ വ്യക്തിക്കും വേണ്ട ചികിത്സാ പദ്ധതി തയാറാക്കുക.