ചക്കക്കുരുവുണ്ടോ; നല്ല അടിപൊളി പായസം വെക്കാം ഇനി
ചക്കക്കുരു ഇനി പഴയ ചക്കക്കുരുവല്ല! ക്വിന്‍റലിന് 2,500 രൂപ വരെ കിട്ടും, എങ്ങനെയെന്നല്ലേ
ചക്കക്കുരുവിന് ഇപ്പോൾ എന്താണ് വിപണി വില? ചോദ്യം കേട്ട് ആരും മൂക്കത്ത് വിരൽ വെക്കേണ്ട. ക്വിന്‍റലിന് 2,500 രൂപ വരെ നല്‍കാൻ തയാറുള്ള ഒരു കൂട്ടം വനിതകളുണ്ട് വയനാട്ടില്‍. അതാണ് ജാക്ക്ഫ്രൂട്ട് ഡവലപ്മെന്‍റ് സൊസൈറ്റി.
വയനാട് നടവലിലെ ഈ വനിതാ കൂട്ടായ്മയാണ് നെല്ലിനേക്കാള്‍ വില നല്‍കി ചക്കക്കുരു ശേഖരിക്കുന്നത്. നമ്മൾ വെറുതെ കളയുന്ന ചക്കക്കുരു ഇവരുടെ കയ്യിലെത്തിയാൽ പിന്നെയത് കഴുകി വൃത്തിയാക്കി, സംസ്കരിച്ച്, പൊടിച്ച്, നല്ല ഒന്നാംതരം പായസം മിക്സായി വൃത്തിയുള്ള പാക്കറ്റുകളിലാക്കി നമ്മുടെ മുന്നിലെത്തും.
ചക്കക്കുരു വലിച്ചെറിയരുതെന്നും നല്ല വിലയ്ക്ക് ഞങ്ങളത് വാങ്ങിക്കാമെന്നും ഈ പെൺകൂട്ടം നാട്ടിലാകെ അറിയിച്ചപ്പോള്‍, തിരുവനന്തപുരത്തുനിന്നുവരെ ചക്കക്കുരു പാഴ്സലായി വയനാട്ടിലെത്തി. എഴുപത്തയ്യായിരം രൂപയുടെ ചക്കക്കുരു വരെ തങ്ങൾക്ക് വിറ്റവരുണ്ടെന്നു ഈവർ പറയുന്നു. പായസം മിക്സ് വൻ വിജയമായതോടെ ചക്കുക്കുരു കൊണ്ടുള്ള മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഈ വനിതാ കൂട്ടായ്മ.