എ.സി വാങ്ങാനൊരുങ്ങുകയാണോ? ഇക്കാര്യങ്ങൾ ഓർമയിൽ വെച്ചോളൂ..

മിക്ക കമ്പനികളും ഇപ്പോൾ എസികളിൽ നിരവധി സ്മാർട്ട് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്

Update: 2023-04-12 13:07 GMT
Editor : Lissy P | By : Web Desk
Advertising

ചൂടെന്ന് പറഞ്ഞാൽ സഹിക്കാനാവാത്ത ചൂട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചൂടിന്റെ കാഠിന്യം കൂടി വരികയാണ്. ഓരോ വർഷവും കേരളത്തിൽ ചൂട് കൂടിവരിയാണ്. അതുപോലെ തന്നെ എയർകണ്ടീഷനറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണുണ്ടായിരിക്കുന്നത്. പണ്ടൊക്കെ വീട്ടിൽ എസി വെക്കുക എന്നത് ആർഭാടത്തിന്റെ അടയാളമായിരുന്നു. എന്നാലിന്ന് ചൂട് സഹിക്കാൻ വയ്യാതായതോടെയാണ് പല വീടുകളിലും എസി സ്ഥാപിച്ചുതുടങ്ങിയത്. വീട്ടിലേക്ക് എസി വാങ്ങുമ്പോളും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.

വില നോക്കാതെ സ്റ്റാർ നോക്കി വാങ്ങാം

കുറഞ്ഞ ഊർജ ക്ഷമത റേറ്റിംഗോ കുറഞ്ഞ സ്റ്റാറോ ഉള്ള എസികൾ താരതമ്യേന വില കുറഞ്ഞതായിരിക്കാം, എന്നാൽ സ്റ്റാർ കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. വൈദ്യുതി ബില്ല് കൂടുമെന്ന കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ടതുമില്ല. 5 സ്റ്റാർ ഉള്ള എ.സിക്കായിരിക്കും കൂടുതല്‍ കാര്യക്ഷതയുണ്ടാകുന്നത്. അധികം തുക മുടക്കി എ.സി വാങ്ങിയെന്ന് വിഷമം വേണ്ട. ചെലവ് കുറഞ്ഞ എസി വാങ്ങിയാൽ വൈദ്യുതി ബില്ലിൽ അതിന്റെ ഇരട്ടി നൽകേണ്ടിവരും. കുറഞ്ഞത് 3 സ്റ്റാർ റേറ്റിംഗുള്ള എസി വാങ്ങാൻ ശ്രമിക്കുക.

കോപ്പർ കോയിലുകളുള്ള എസി

പുതിയ എസി വാങ്ങാൻ പോകുന്നവർ കോപ്പർ കണ്ടൻസറുള്ള എ.സി തെരഞ്ഞെടുക്കാം. അലൂമിനിയം കോയിലുകളുള്ള എസികളെ അപേക്ഷിച്ച് കോപ്പർ കോയിലുകളുള്ള എസികൾ നല്ല തണുപ്പ് നൽകും. കോപ്പർ കോയിലുകളുള്ള എസിക ൾ കൂടുതൽകാലം ഈടുനിൽക്കുന്നതും പരിപാലിക്കാൻ എളുപ്പവുമാണ്.അലോയ് കോയിലുള്ള എ.സികൾ എളുപ്പത്തിൽ കേട് വരാനുള്ള സാധ്യതയും കൂടുതലാണ്.

മുറിയുടെ വലിപ്പം അടിസ്ഥാനമാക്കി എസിയുടെ കപ്പാസിറ്റി തീരുമാനിക്കുക

എപ്പോഴും മുറിയുടെ വലുപ്പത്തിന് അനുസരിച്ച് എസിയുടെ ടൺ കപ്പാസിറ്റി തീരുമാനിക്കുക. 140-150 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു മുറിക്ക് 1-ടൺ അല്ലെങ്കിൽ 1.5-ടൺ എസി മതിയാകും. വലിയ മുറിയിലേക്കാണ് നിങ്ങൾ എസി വാങ്ങുന്നതെങ്കിൽ അതിൽകൂടുതൽ കപ്പാസിറ്റിയുള്ള എസി വാങ്ങുക.

സ്പ്ലിറ്റ് അല്ലെങ്കിൽ വിൻഡോ എസി

വിൻഡോ എസികൾ താരതമ്യേന വിലകുറഞ്ഞതും പരിപാലിക്കാൻ എളുപ്പവുമാണ്. അതിനാൽ നിങ്ങളുടെ മുറിയുടെ ചുമരിനോട് ചേർന്ന് ജനലോ ഷാഫ്‌റ്റോ ഉണ്ടെങ്കിൽ, വിൻഡോ എസി വാങ്ങാം. സ്പ്ലിറ്റ് എസികളാണെങ്കിൽ ചെലവേറിയതാണെങ്കിലും ടൺ കണക്കിന് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എസിക്ക് വേണ്ടി മുറിക്കുള്ളിൽ കൂടുതൽ സ്ഥലം ആവശ്യമില്ല ആവശ്യമില്ല.

സ്മാർട്ട് ഫീച്ചറുകൾ വേണമെങ്കിൽ മാത്രം

മിക്ക കമ്പനികളും ഇപ്പോൾ എസികളിൽ നിരവധി സ്മാർട്ട് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസിയുടെ പ്രവർത്തനങ്ങൾ സ്മാർട്ട്‌ഫോണും വോയ്‌സ് അസിസ്റ്റന്റും ഉപയോഗിച്ച് നിയന്ത്രിക്കാനടക്കമുള്ള ഫീച്ചറുകൾ നിലവിലുണ്ട്. എന്നാൽ അതിനനുസരിച്ച് വിലയും കൂടും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ഇത്തരം സ്മാർട്ട് ഫീച്ചറുകളുള്ള എസികൾ തെരഞ്ഞെടുത്താൽ മതി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News