ലഡാക്ക് ട്രാവല്‍ ഗൈഡ്; അറിയാനാഗ്രഹിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്നർ ലൈൻ വെർമിറ്റ് ( ILP) ഉപയോഗിച്ചേ ലഡാക്കിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിക്കൂ. എന്നാൽ ലേ നഗരത്തിലെത്താൻ ILP ആവശ്യമില്ല
1. ലഡാകിലേക്ക് പോവാൻ ഉചിതമായ സമയമേതാണ് ?
റോഡ് മാർഗം യാത്ര ചെയ്യാൻ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഉചിതമായ സമയം. എന്നാൽ ഫ്ലൈറ്റ് മാർഗം ലേ നഗരത്തിലെത്താൻ മറ്റ് മാസങ്ങളിലും സാധിക്കും. പക്ഷേ, മഞ്ഞ് വീഴ്ച കാരണം ലഡാകിലെ വിവിധ ഡെസ്റ്റിനേഷനുകളിലെത്താൻ സാധിക്കാതെ വരാം.
2. റോഡ് മാർഗം പോവുമ്പോൾ ഏതൊക്കെ റൂട്ടുകൾ സാധ്യമാണ്.
A) ജമ്മുവിൽ നിന്ന് ശ്രീനഗർ - കാർഗിൽ വഴി ലേയിലെത്താം. ശരാശരി 700 km ദൈർഘ്യമുള്ള റൂട്ട് മൂന്ന് ദിവസമെടുത്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. ആദ്യ ദിനം ശ്രീനഗറിലും രണ്ടാം ദിനം കാർഗിലും താമസത്തിന് തെരെഞ്ഞെടുക്കാവുന്നതാണ്. മഞ്ഞ് വീഴ്ച കാരണം നവമ്പർ മുതൽ ഏപ്രിൽ വരെ ശ്രീനഗർ ലേ റൂട്ടിൽ നിയന്ത്രണങ്ങളുണ്ടാവാറുണ്ട്.
B) മണാലിയിൽ നിന്ന് കീലോങ്ങ് - സർച്ചു വഴി ലേയിലെത്താം. ശരാശരി 450 km ദൈർഘ്യമുള്ള റൂട്ട് രണ്ട് ദിവസമെടുത്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. ജിസ്പ - സർച്ചു - പാങ്ങ് ഇടയിലേതെങ്കിലും താമസത്തിന് തെരെഞ്ഞെടുക്കാവുന്നതാണ്. മഞ്ഞ് വീഴ്ച കാരണം ഒക്ടോബർ മുതൽ മെയ് വരെ മണാലി ലേ റൂട്ടിൽ നിയന്ത്രണങ്ങളുണ്ടാവാറുണ്ട്.
C) ഷിംലയിൽ നിന്ന് റെക്കങ്ങ് പിഓ - കാസ - കുൻസും - കീലോങ്ങ് - സർച്ചു വഴി ലേയിലെത്താം. ശരാശരി 1000 km ദൈർഘ്യമുള്ള റൂട്ട് നാല് ദിവസമെടുത്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. ആദ്യ ദിനം റെക്കങ്ങ് പിഓ യിലും രണ്ടാം ദിനം കാസയിലും മൂന്നാം ദിനം ജീസ്പയിലും താമസത്തിന് തെരെഞ്ഞെടുക്കാവുന്നതാണ്. മഞ്ഞ് വീഴ്ച കാരണം നവമ്പർ മുതൽ ജൂൺ വരെ കാസ കീലോങ്ങ് റൂട്ടിൽ നിയന്ത്രണങ്ങളുണ്ടാവാറുണ്ട്.
D) മണാലിയിൽ നിന്ന് കീലോങ്ങ് വഴി പോവുമ്പോൾ ദർച്ചയിൽ നിന്ന് പദും വഴി കാർഗിലേക്ക് മറ്റൊരു റോഡുണ്ട്. ദർച്ചയിൽ നിന്ന് 398 km ദൂരമാണ് കാർഗിലേക്ക്. പദും - പുർനെ എന്നിവടങ്ങളിൽ വിശ്രമിച്ച് യാത്ര തുടരുന്നതാണ് ഉചിതം. പദും ൽ നിന്ന് കാർഗിൽ വഴിയല്ലാതെ ലേയിലേക്ക് മറ്റൊരു റൂട്ട് കൂടിയുണ്ട്. പദും ൽ നിന്ന് ലേ നഗരത്തിന് 35 km ദൂരെയുള്ള നിമ്മുവിലെത്തുന്നതാണ് പ്രസ്തുത റൂട്ട്. സൈനികാവശ്യത്തിന് നിർമ്മിച്ച റോഡായ തിന്നാൽ ദർച്ച - പദം - നിമ്മു റോഡ് നിലവിൽ ഗൂഗിൾ മാപ്പിൽ ലഭ്യമല്ല.
3. ലഡാക് യാത്ര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ?
സമുദ്ര നിരപ്പിൽ നിന്ന് 4000 മുതൽ 5000 മീറ്റർ വരെ ഉയരത്തിലൂടെയുള്ള യാത്ര ആൾട്ടിറ്റ്യൂഡ് സിക്ക്നസിന് കാരണമാവാം. അത് മൂലം ശർദ്ദി , തലവദന , ശ്വാസതടസ്സം, ഉന്മേഷ കുറവ് , തുടങ്ങിയവ അനുഭവപ്പെട്ടേക്കാം. Acetazolamide [brand name Diamox] ടാബ്ലറ്റിലൂടെ ഒരു പരിധിവരെ സിക്ക്നസിനെ പ്രതിരോധിക്കാം. മേൽ സൂചിപ്പിച്ച രോഗ ലക്ഷണങ്ങൾക്കുള്ള മെഡിസിനും ആവശ്യമുളളവർക്ക് ഓക്സിജൻ സിലിണ്ടർ കരുതാവുന്നതാണ്. ലേ നഗരത്തിൽ ഓക്സിജൻ സിലിണ്ടർ വിൽപനക്കും വാടകക്കും ലഭ്യമാണ്. ആവശ്യമായ റെസ്റ്റ് എടുത്ത് യാത്ര ചെയ്യാനും ശ്രദ്ധിക്കുക. ജമ്മു ശ്രീനഗർ വഴി പോവുകയും തിരിച്ച് മണാലി വഴി വരുന്നതും സിക്ക്നസ് കുറക്കാൻ പ്രയോജനപ്പെടും. ലേയിൽ ഒരു ദിവസം വിശ്രമിച്ച ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് പോവുന്നതാണ് നല്ലത്.
4. കുട്ടികൾ ലഡാക് യാത്ര ചെയ്യുന്നതിൽ പ്രശനമുണ്ടോ ?
പെട്ടെന്നുള്ള മലകയറ്റം കാരണമുണ്ടാവുന്ന പ്രയാസങ്ങൾ കുട്ടികൾക്ക് സഹിക്കാൻ പറ്റാതെ വരാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കുന്നതാണ് ഉചിതം. കുട്ടികളോടൊപ്പമുള്ള യാത്രക്കാർ ലോയിലേക്ക് വിമാന മാർഗം എത്തിച്ചേരുന്നതാണ് നല്ലത്.
5. വാടകക്ക് എടുക്കുന്ന വാഹനങ്ങൾക്ക് ലഡാകിൽ നിയന്ത്രണങ്ങളുണ്ടാ ?
ഉണ്ട്. ലഡാകിന് പുറത്ത് നിന്ന് കൊണ്ട് വരുന്ന ടാക്സികളും , റെന്റ് വണ്ടികളും (ബൈക് , കാർ , ബസ്) ലേയിൽ നിർത്തിയിടണം. ലേയിൽ നിന്ന് തുടർ യാത്രക്ക് അവിടെ നിന്നുള്ള വാഹനങ്ങൾ ഉപയോഗിക്കണം. അല്ലാത്ത പക്ഷം ടാക്സി ഓണഴ്സ് അസോസിയേഷൻ പ്രവർത്തകർ വാഹനങ്ങൾ തടയും. സ്വന്തം RC യിലുള്ള വാഹനങ്ങൾക്ക് തടസ്സമില്ല.
6. ബൈക് യാത്രക്കാർ പൊതുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
A) ലഡാക് യാത്രയിൽ പെട്രോൾ പമ്പുകൾ വളരെ കുറവാണ്. പമ്പുകൾ കാണുമ്പോൾ പരമാവധി ടാങ്ക് നിറക്കാനും , സാധ്യമാവുന്നത്ര കേനിൽ സൂക്ഷിക്കാനും ശ്രദ്ധിക്കുക.
B) യാത്രക്കിടെ വാഹനങ്ങൾക്ക് കേട്പാട് സംഭവിക്കാൻ സാധ്യത കൂടുതലാണ്. യാത്രക്ക് മുമ്പ് വണ്ടി സർവീസ് ചെയ്യാനും യാത്രയിൽ എമർജൻസി ടൂൾകിറ്റ് കരുതാനും ശ്രദ്ധിക്കുക.
C) റൈഡിനിടെ വഴുതി വീണാൽ പരിക്ക് കുറക്കാൻ കഴിയുന്ന രൂപത്തിൽ പേഡുകൾ ധരിക്കുന്നത് നല്ലതാണ്.
F) ഒന്നിലധികം ബൈക്കുകൾ ഒരുമിച്ച് നീങ്ങുന്നതാണ് അഭികാമ്യം.
G) ലഡാക് ഒരു കോൾഡ് ഡെസേർട്ടാണ്. നേരിട്ട് സൂര്യതാപം ശരീരത്തിൽ പതിക്കുന്നത് സൂര്യാഘാതത്തിന് കാരണമാവും. അത് പ്രതിരോധിക്കാൻ സാധിക്കുന്ന രൂപത്തിൽ ശരീരം മറക്കാനും സൺക്രീമുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
H) ടെന്റുകൾ അടിക്കുന്നവർ മലവെള്ള പാച്ചിൽ പ്രതീക്ഷിച്ച് സ്ഥലങ്ങൾ തെരെഞ്ഞെടുക്കുക.
I) ചോക്ലേറ്റ് , ബിസ്കറ്റ് , കുടിവെള്ളം തുടങ്ങിയവ ആവശ്യത്തിന് കരുതുക.
J) ഒരു കാരണവശാലും സൂര്യാസ്തമയം മുതൽ ഉദയം വരെ റൈഡ് ചെയ്യാതിരിക്കുക.
K) പാഗൽ നാല എന്ന ഭ്രാന്തൻ ഉറവക്കുള്ള സാധ്യത പലയിടങ്ങളിലുമുണ്ട്. മലമുകളിൽ നിന്ന് കുത്തി ഒലിച്ച് വരുന്ന വെള്ളം പലപ്പോഴും റോഡ് തന്നെ ഇല്ലതാക്കാറുണ്ട്. പാഗൽ നാല സാധ്യത മേഖലകൾ ഉച്ചക്ക് മുമ്പ് കവർ ചെയ്യുന്നതാണ് നല്ലത്.
7) ലഡാക്കിൽ മൊബെൽ കവറേജ് ലഭ്യമാണോ ?
ലഡാക്കിന് പുറത്ത് നിന്നുള്ള പ്രീ പെയിഡ് കണക്ഷനുകൾ പ്രവൃത്തിക്കില്ല. പോസ്റ്റ് പെയിഡ് സിം വർക്ക് ചെയ്യും. ലഡാക്കിൽ നിന്ന് നമ്മുടെ ഐ.ഡി. ഉപയോഗിച്ച് പ്രീ പെയിഡ് സിം വാങ്ങാവുന്നതാണ്. ഹിമാലയൻ പാതകളിൽ പലയിടങ്ങളിലും ഒരു നെറ്റ് വർക്കും ലഭ്യമാവില്ല. താരതമ്യേന കൂടുതൽ ലഭ്യത BSNL നാണ്. മറ്റ് അനുഭവങ്ങളും ഉണ്ടാവാം.
8 ) ലഡാക്കിനകത്ത് യാത്ര ചെയ്യാൻ ചെർമിറ്റ് ആവശ്യമുണ്ടോ ?
ഉണ്ട്. ഇന്നർ ലൈൻ വെർമിറ്റ് ( ILP) ഉപയോഗിച്ചേ ലഡാക്കിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിക്കൂ. എന്നാൽ ലേ നഗരത്തിലെത്താൻ ILP ആവശ്യമില്ല.
9) ILP എടുക്കാനുള്ള നടപടി ക്രമങ്ങൾ എന്താണ് ?
https://www.lahdclehpermit.in/ എന്ന വൈബ് സൈറ്റിലൂടെ സ്വന്തം അപേക്ഷിക്കാവുന്നതാണ്. ലേ നഗരത്തിലെ വിവിധ ട്രാവൽ ഏജൻസികളിലൂടെയും അപേക്ഷ തയാറാക്കാം. പോവാൻ ഉദ്യേശിക്കുന്ന മേഖലകൾ അപേക്ഷയിൽ സൂചിപ്പിക്കണം. (കർദുങ്ങ് ല വഴി സുബ്ര വാലി , ചങ്ങ് ല വഴി പാങ്ങോങ്ങ് , മൊറീറി തടാകം , ദാ - ഹാനു വാലി എന്നിവയാണ് പ്രധാന നാല് മേലെകൾ.) പൂരിപ്പിച്ച അപേക്ഷയും ഐ.ഡി. കാർഡിന്റെ പകർപ്പും , ഫീസുമായി ലേയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സമർക്കുക .ഓരോ മേഖലയിലേക്കും (ഉദാ:- സുബ്ര , പാങ്ങോങ്ങ് ) വ്യത്യസ്ഥ സീലുകൾ പതിപ്പിച്ച് നൽകും . സ്റ്റാമ്പ് ചെയ്ത ചെർമിറ്റിന്റെ രണ്ട് വീതം പകർപ്പ് കയ്യിൽ സൂക്ഷിക്കുക. അവ വിവിധ ചെക്ക് പോയിന്റുകളിൽ നൽകേണ്ടി വരും. 15 ദിവസമാണ് ILP യുടെ പരമാവധി കാലാവധി. ഒരാൾക്ക് ശരാശരി 600 രൂപയാണ് ( Environment fee: 400, Red Cross donation: ₹ 100 , Wildlife protection fee: ₹ 20/day ) ഫീസ്.
10) പൊതു ഗതാഗതമുപയോഗിച്ച് ജമ്മുവിൽ നിന്ന് ലഡാക് യാത്ര സാധ്യമാണോ ?
അതെ. ജമ്മു ബസ് സ്റ്റാന്റിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് ലഭിക്കും. ട്രെയിനിൽ പോവുന്നവർ ഉദംപൂരിൽ നിന്ന് ശ്രീനഗർ ബസ് കയറിയാലും മതി. ജമ്മുവിൽ നിന്ന് ബസിന് 300 രൂപയും ഷെയർ ടാക്സിക്ക് 600 മുതൽ 700 രൂപ വരെയുമാണ് ഈടാക്കുന്നത്.
ശ്രീനഗറിൽ നിന്ന് JKSRTC ബസ് സർവീസ് ദിവസേന ഒരു സർവീസ് നടത്തുന്നുണ്ട്. രാവിലെ 6 ന് ശ്രീനഗറിൽ നിന്നെടുക്കുന്ന ബസ് ഉച്ചക്ക് മൂന്നിന് കാർഗിൽ എത്തും. പിറ്റേന്ന് രാവിലെ 5 ന് കാർഗിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് രണ്ടിന് ലേ യിലെത്തും. 1200 രൂപയാണ് ശ്രീനഗറിൽ നിന്ന് ലേയിലെക്ക് ചാർജ് . കാർഗിലെ താമസം ടിക്കറ്റിൽ ഉൾപ്പെട്ടില്ല. ശ്രീനഗറിൽ നിന്ന് രാവിലെ 6 ന് പുറപ്പെട്ട് അതേ ദിവസം രാത്രി 9 / 10 മണിക്ക് ലേ എത്തുന്ന ഷെയർ ടാക്സികളുണ്ട്. ശരാശരി 2000 രൂപയാണ് ഷെയർ ടാക്സി ഈടാക്കുന്നത്.
11) പൊതു ഗതാഗതമുപയോഗിച്ച് മണാലിയിൽ നിന്ന് ലഡാക് യാത്ര സാധ്യമാണോ ?
അതെ , ഉച്ചക്ക് 2:30 ന് ഡൽഹി കാശ്മീരി ഗേറ്റ് ISBT യിൽ നിന്ന് ദിവസവും HRTC ബസ് പുറപ്പെടുന്നുണ്ട്. പ്രസ്തുത ബസ് പിറ്റേ ദിവസം രാവിലെ 6 ന് മണാലിയിലും രാവിലെ 9 ന് കീലോങ്ങിലും എത്തും. ബസ് അന്ന് കീലോങ്ങിൽ ഹാൾട്ട് ചെയ്ത ശേഷം പിറ്റേന്ന് രാവിലെ 5 ന് പുറപ്പെടും. വൈകിട്ട് 7 ന് ലേ യിൽ എത്തും. ലേയിൽ നിന്ന് ഡൽഹിയിലേക്ക് പുലർച്ചെ 4 നാണ് ബസ് പുറപ്പെടുക. ഡൽഹിയിൽ നിന്ന് ലേയിലേക്ക് 1969 രൂപയാണ് ബസ് ചാർജ്. മണാലിയിലേക്ക് 932 രൂപയും കീലോങ്ങിലേക്ക് 1,083 രൂപയുമാണ് HRTC ഈടാക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 50 % യാത്രക്കാരെയാണ് ബസിൽ പ്രവേശിപ്പിക്കുക. മണാലിയിൽ നിന്ന് രാവിലെ പുറപ്പെട്ട് അതേ ദിവസം രാത്രി ലേ എത്തുന്ന ഷെയർ ടാക്സികളും ലഭ്യമാണ്. 1500 മുതൽ 2000 വരെയാണ് ഷെയർ ടാക്സികൾ ഈടാക്കാറുളളത്.
12) ലേയിൽ നിന്ന് വിവിധ മേഖലകളിലേക്ക് എങ്ങനെ സഞ്ചരിക്കാം ?
ലേ ടൗണിൽ നിന്ന് പാങ്ങോങ്ങ് / നുബ്ര / കാർഗിൽ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസ് ലഭ്യമാണ്. ദിവസത്തിൽ / ഒന്നിടവിട്ട ദിവസങ്ങളിൽ ഒന് എന്ന തോതിലൊക്കെ മാത്രമേ ബസ് സർവീസ് ഉണ്ടാവു. ബൈക് വാടകക്ക് എടുത്തോ ടാക്സി ഉപയോഗിച്ചോ സഞ്ചരിക്കുന്നതാണ് സമയലാഭത്തിന് നല്ലത്. ടാക്സികൾക്ക് ഏകീകൃത റേറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ കൈവശം റേറ്റ് രേഖപ്പെടുത്തിയ ബുക്ക് ലഭിക്കും.
13. താമസ സൗകര്യം ചെലവേറിയതാണോ ?
അല്ല. ഹോം സ്റ്റേ , ബഡ്ജറ്റ് ഹോട്ടലുകൾ, റിസോർട്ടുകൾ മുതൽ ടെന്റ് സ്റ്റേ വരെ ലഭ്യമാണ്. 600 മുതൽ 2500 വരെ ദിവസ വാടകക്ക് ഡബിൾ റൂം വിവിധ സ്ഥലങ്ങളിൽ ലഭിക്കും.
14. ലേ ടൗണിനോട് ചേർന്നുള്ള പ്രധാന സെസ്റ്റിനേഷനുകൾ ഏതൊക്കെയാണ്. ?
ലേ പാലസ് , ശാന്തി സ്തൂപ , സ്പിടുക് ഗോംപ , തിക്സായ് മൊണസ്ട്രി , സ്റ്റോക് മൊണസ്ട്രി , ലേ ജുമാ മസ്ജിദ് , മാഗ്നറ്റിക് ഹിൽ തുടങ്ങിയവ.
15. ലേ നഗരത്തിന് പുറത്തുള്ള പ്രധാന ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണ് ?
A) കാർഗിൽ , B) ദ്രാസ് , C) സാൻസ്കർ വാലി D) ലാമയൂരു (മുൺലാന്റ് ) , E) ദാ ഹാനു , F) കർദുങ്ങ് ല , G) ദിസ്കിറ്റ് (നുബ്ര) , H) ഹുന്ദർ (നുബ്ര) , I) തുർതുക് , J) പാങ്ങോങ്ങ് തടാകം , K ) ചങ്ങ് ല , L) മൊറിറി തടാകം M) ചുംതാങ്ങ് N) ഹെമിസ് നാഷണൽ പാർക്.
16. കോവിഡ് കാലത്തുള്ള യാത്രയുടെ പ്രോട്ടോക്കോൾ എപ്രകാരമാണ്. ?
96 മണിക്കൂറിനുള്ളിലെടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ലഡാക്കിൽ പ്രവേശിക്കാം. നഗരാതിർത്തിയിലെയും എയർപോർട്ടിലെയു ചെക്ക് പോയിന്റുകളിൽ സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യും. സർട്ടിഫിക്കറ്റില്ലാത്തവരെ പരിശോധനക്ക് അയക്കുകയും ക്വാറന്റൈന് വിധേയമാക്കുകയും ചെയ്യും.
17. ലഡാക്കിലെ പ്രധാന ഉത്സവങ്ങൾ ഏതൊക്കെയാണ് ? 2021 / 2022 ലെ ഉത്സവങ്ങളുടെ തീയ്യതി എപ്പോഴാണ് ?
സ്പിടുക് ഗുസ്റ്റോർ ( 2022 ജനു 29-30), തിക്സായ് ഗുസ്റ്റോർ (2021 ഒക്ടോ 23-24) , ഹെമിസ് സെച്ചു (2022 ജൂലൈ 8-9 ) , സിന്ദു ദർശൻ (2022 ജൂൺ 12-14) , ദിസ്കിറ്റ് ഗുസ്റ്റോർ (2021 ഒക്ടോ 3 -4 ) , യുരു കബ്ഗാത് (2022 ജൂൺ 26 - 27), ലഡാക് ഫെറ്റിവൽ (2021 സെപ് 1-4 ) തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങൾ. പ്രധാനപ്പെട്ട ഗോംപകളോട് ചേർന്ന് വ്യത്യസ്ഥ ഉത്സവങ്ങൾ നടക്കുന്നുണ്ട്. ഏതാനും ചിലത് മാത്രമേ മുകളിൽ പരാമർശിച്ചിട്ടുള്ളൂ.
18. സാഹസിക യാത്രക്കുള്ള അവസരങ്ങൾ ഏന്തൊക്കെയാണ് ?
സാൻസ്കാർ - ചാദാർ ട്രെക്ക് , മർഖാ താഴ് വര , സ്പിതുക് - സ്റ്റോക് ട്രെക്, പാഡും ദർച്ച ട്രെക്ക് തുടങ്ങി സാഹസികമായ നിരവധി ട്രെക് റൂട്ടുകളുണ്ട്. ട്രെക്കിംഗ് ഏജൻസികൾ മുഖേന പോവുന്നതാണ് ഉചിതം. സാൻസ്കർ നദിയിലും നുബ്രയിലും റിവർ റാഫ്റ്റിംഗിന് അവസരമുണ്ട്. പാര ഗ്ലൈഡിംഗ് , റോക് ക്ലൈംബിങ്ങ്, ക്വാഡ് ബൈകിങ്ങ് , കാമൽ സഫാരി തുടങ്ങിയവയും ലഡാക്കിൽ ലഭ്യമാണ്.