മേക്കപ്പൊക്കെ എന്തിന്; മിസ് ഇംഗ്ലണ്ട് മത്സരത്തിൽ ഫൈനലിലെത്തി ഇരുപതുകാരി മെലിസ റൗഫ്
ഇറാനിയന്‍ വംശജയായ മെലിസ ഉൾപ്പെടെ 40 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലണ്ടൻ: ചെറിയ ആഘോഷങ്ങൾക്കു പോലും മേക്കപ്പിട്ടു പോകുന്നവരാണ് മിക്കവരും. എന്നാൽ ഒരു സൗന്ദര്യമത്സരത്തിന് മേക്കപ്പിടാതെ പോയാലോ? തോറ്റു തുന്നം പാറും എന്നതാണ് ഉത്തരമെങ്കിൽ, അങ്ങനെയല്ല എന്നു പറയും ഇംഗ്ലണ്ടുകാരി മെലിസ റൗഫ്. മേക്കപ്പിന്റെയോ ആഡംബരയാടകളുടെയോ മേമ്പൊടിയില്ലാതെ മിസ് ഇംഗ്ലണ്ട് ഫൈനലിലെത്തിയ മിടുക്കിയാണ് ഇരുപതുകാരിയായ മെലിസ.
94 വർഷത്തെ മിസ് ഇംഗ്ലണ്ട് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ മേക്കപ്പില്ലാതെ മത്സരത്തിൽ പങ്കെടുക്കുന്നത്. സൗന്ദര്യത്തിന്റെ നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം മാറ്റിയെടുക്കാനുള്ള വെല്ലുവിളിയാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന് മെലിസ ഇൻഡിപെൻഡന്റ് പത്രത്തോട് പ്രതികരിച്ചു. ഉള്ളിലെ സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് താൻ ലക്ഷ്യമിടുന്നതെന്നും അവർ പറയുന്നു.
'അവരവരുടെ തൊലി നിറത്തിൽ സന്തോഷവതികളായിരിക്കുക. മേക്കപ്പു കൊണ്ട് നമ്മുടെ മുഖം മറയ്‌ക്കേണ്ടതില്ല. പോരായ്മകളാണ് ഓരോ വ്യക്തിയെയും സവിശേഷമാക്കുന്നത്. സ്വന്തം പോരായ്മകളെ ആളുകൾ ഇഷ്ടപ്പെടണം. ലാളിത്യത്തിലാണ് യഥാർത്ഥ സൗന്ദര്യം. എന്റെ തൊലിയിൽ ഞാൻ സൗന്ദര്യവതിയാണ്. അതു കൊണ്ടാണ് മേക്കപ്പ് വേണ്ടെന്നു തീരുമാനിച്ചത്. ആത്മവിശ്വാസമുണ്ട്. മേക്കപ്പു കൊണ്ട് അതിനെ മറയ്‌ക്കേണ്ട.' - മെലിസ പറഞ്ഞു.
മെലിസ ഉൾപ്പെട 40 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബറിലാണ് കിരീടധാരണം. മെസിലയുടേത് ധീരമായ തീരുമാനമാണെന്ന് മിസ് ഇംഗ്ലണ്ട് ഡയറക്ടർ ആൻഗി ബീസ്‌ലി സിഎൻഎന്നിനോട് പ്രതികരിച്ചു. 2019ലാണ് തങ്ങൾ ബെയർ ഫെയ്‌സ് ടോപ് മോഡൽ അവതരിപ്പിച്ചത്. മിക്ക മത്സരാർത്ഥികളും ഒരുപാട് മേക്കപ്പുകളുള്ള എഡിറ്റഡ് ചിത്രങ്ങളാണ് അയച്ചത്. മെലിസ അങ്ങനെയല്ല. മിസ് ഇംഗ്ലണ്ട് ഫൈനലിൽ അവർക്ക് ഭാഗ്യം നേരുന്നു- അവർ കൂട്ടിച്ചേർത്തു.
ഇറാൻ വംശജയാണ് മെലിസ റൗഫ്. ലണ്ടനിലെ കിങ്‌സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്.