വേനൽച്ചൂടിൽ മേനി വാടാതെ സൂക്ഷിക്കാം; ചർമ സംരക്ഷണത്തിന് ചില പൊടിക്കൈകൾ

അൽപം ശ്രദ്ധിച്ചാൽ ഈ പൊള്ളുന്ന വേനലിലും സൗന്ദര്യത്തോടെയും കൂടുതൽ ഉന്മേഷത്തോടെയുമിരിക്കാം

Update: 2022-03-16 06:48 GMT
Advertising

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരെ ഏറെ ആശങ്കപ്പെടുത്തുന്ന കാലമാണ് വേനല്‍ക്കാലം. വെയിലിന്‍റെ കാഠിന്യവും ചൂടുമൊക്കെ മുടിയെയും മുഖത്തെയും ചർമത്തെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍, ചര്‍മ സംരക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പൊള്ളുന്ന വേനലിലും സൗന്ദര്യത്തോടെയും കൂടുതല്‍ ഉന്മേഷത്തോടെയുമിരിക്കാം.

മുഖം കഴുകാം, സണ്‍സ്ക്രീന്‍ ക്രീം ശീലമാക്കാം

ചുട്ടുപൊള്ളുന്ന ചൂടില്‍ മുഖകാന്തി സംരക്ഷിക്കാന്‍ ദിവസവും മൂന്നോ നാലോ തവണ മുഖം കഴുകുന്നതു നല്ലതാണ്. ആവശ്യമെങ്കില്‍ മൈല്‍ഡ് ആയ ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. മുഖത്തെ എണ്ണമയം ക്രമീകരിക്കുന്നതിന് ക്രീം ബേസ്ഡ് ആയ ക്ലെന്‍സറുകൾ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വെയിലേറ്റ് വാടി മുഖം കരുവാളിക്കുന്നതാണ് വേനല്‍ക്കാലത്തെ സുപ്രധാന പ്രശ്നം. പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മങ്ങളിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ പുറത്തിറങ്ങുകയാണെങ്കില്‍ കുട ചൂടുന്നതാണ് ഉത്തമം. ഇതിന് പുറമേ സൂര്യരശ്മികള്‍ ചര്‍മത്തില്‍ പതിക്കാതിരിക്കാന്‍ സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കാം. സൂര്യപ്രകാശം ഏല്‍ക്കുന്നതിനു അല്‍പസമയം മുന്‍പായിട്ടാണ് സൺസ്ക്രീൻ ക്രീം പുരട്ടേണ്ടത്. 


വെള്ളം നിര്‍ബന്ധം, ആഹാരരീതിയിലും മാറ്റം വരുത്താം 

കത്തുന്ന ചൂടില്‍ വിയർത്തും മറ്റും ശരീരത്തിലെ ജലാംശം വലിയ തോതില്‍ നഷ്ടപെടും. ഇത് ചര്‍മത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ കുടിക്കുന്നതിലും ഇരട്ടി വെള്ളം കുടിക്കണം. എട്ട് ഗ്ലാസില്‍ കുറയാതെ കുടിക്കുന്നതാണ് അത്യുത്തമം. ഒപ്പം ജ്യൂസുകളും ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ശരീരത്തിലെ ടോക്സിനെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം ജലാംശം നിലനിർത്തുകയും ചെയ്യും. വേനല്‍ക്കാലത്ത് ജലാംശം കൂടുതലുള്ളതും പുളിരസമുള്ളതുമായ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാം. എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. 


എണ്ണതേച്ച് കുളി 

വേനല്‍ക്കാലത്ത് രണ്ട് നേരം കുളിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് നല്ലതാണ്. തലയില്‍ എണ്ണ തേക്കുകയും ഒപ്പം അവ ഷാംപൂ ചെയ്തു നീക്കുകയും ആവാം. കുളിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാ നീര് പിഴിയുകയോ രാമച്ചമിട്ടുവെക്കുകയോ ചെയ്യുന്നത് ചര്‍മ സംരക്ഷണത്തിനും ഉന്മേഷത്തിനും സഹായിക്കുന്നു. 

മേക്കപ്പിലും വേണം ശ്രദ്ധ 

വേനല്‍ക്കാലത്ത് മേക്കപ്പ് രീതികളിലും ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. വിവിധ തരം കെമിക്കല്‍സ് ചേര്‍ത്താണ് മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളും നിര്‍മിക്കുന്നത്. ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ സൂര്യരശ്മികള്‍ പതിക്കുന്നത് ചര്‍മത്തെ ദോഷകരമായി ബാധിക്കും. കൂടാതെ എണ്ണമയമുള്ള ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ മുഖത്ത് കുരു ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. 


ചൂടുകുരുവിനുമുണ്ട് പരിഹാരം 

വേനല്‍ക്കാലത്തെ ചര്‍മ സംരക്ഷണത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ചൂടുകുരു. ചര്‍മത്തിന്റെ സുഷിരങ്ങള്‍ അടയുമ്പോഴാണ് ചൂട് കുരു ഉണ്ടാവുന്നത്. പയറുപൊടിയോ തേങ്ങാപ്പാലോ തേച്ച് കുളിക്കുന്നതാണ് ഇത് തടയാന്‍ ഉത്തമ മാര്‍ഗം. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ ചൂടുകുരു കൂടുതലായി കണ്ടു വരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഫേസ് വാഷുകൊണ്ട് മുഖം കഴുകുയതിന് ശേഷം പനിനീര്‍ ഉപയോഗിക്കാവുന്നതാണ്.  


വെള്ളരിക്ക മാസാണ്...!

വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണത്തിന് വെള്ളരിക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വെള്ളരിക്കയില്‍ 90 ശതമാനം ജലാംശവും വിറ്റാമിന്‍ സി-യുടെ സാന്നിധ്യവുമുള്ളതിനാല്‍ ചര്‍മസംരക്ഷണത്തിന് വളരെ സഹായകമാണ്. വെള്ളരിക്ക കഷ്ണങ്ങള്‍ വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുന്നത് കണ്ണിന് കുളിര്‍മയും ശരീരത്തിന് ഉന്മേഷവും നല്‍കും. കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറവും ഇതുമൂലം കുറയുന്നു. വെള്ളരിക്ക അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും. ചര്‍മം മൃദുലവും സുന്ദരവുമാക്കുന്നതിനും മുഖത്തുണ്ടാകുന്ന ചുളിവുകള്‍ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News