മുജീബുള്ള - മുജീബുള്ള
കാസറഗോഡ് ചെമ്മനാട് സ്വദേശി. വര്‍ഷങ്ങളാ യി കുവൈത്തിൽ പ്രവാസിയാണ്.
ഗൗരവവായനയും ചർച്ചയും ആവശ്യപ്പെടുന്ന കൃതിയാണ്, സുദേഷ് എം. രഘുവിന്റെ 'പി.എസ്.സി. നിയമങ്ങളിലെ മെറിറ്റ് അട്ടിമറി'. കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ വിവിധങ്ങളായ വകുപ്പുകളിലേക്കുള്ള നിയമനങ്ങളിൽ പി.എസ്.സി. പിന്തുടർന്നുവരുന്ന നിയമന രീതി മൂലം മെറിറ്റ് സീറ്റുകളിൽ നടക്കുന്ന അട്ടിമറിയാണ് ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നത്. സമഗ്രവും ആധികാരികവുമാണ്, പി.എസ്.സി.യുടെ വിവിധ റാങ്ക് ലിസ്റ്റുകളും വിഷയ സംബന്ധിയായ രേഖകളും കോടതി വിധികളും ഉദ്ധരിച്ചുകൊണ്ടുള്ള ഗ്രന്ഥകാരന്റെ വിശകലനം.
50:50 അനുപാതത്തിലാണ് പി.എസ്.സി. നിയമനങ്ങൾ നടക്കുന്നത്. 20-ന്റെ യൂണിറ്റുകളായി നടക്കുന്ന നിയമനങ്ങളിൽ 50% മെറിറ്റിലും 50% സംവരണത്തിലും ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതിൽ മെറിറ്റിൽ തന്നെ സ്ഥാനം നേടിയ സംവരണ വിഭാഗം ഉദ്യോഗാർഥിയെ മെറിറ്റിൽ തന്നെയാണ് നിയമിക്കേണ്ടത്. നിയമനത്തിന്റെ ആദ്യ യൂണിറ്റിൽ പി.എസ്.സി. ഇത് പാലിക്കാറുണ്ടെങ്കിലും, തുടർന്നുള്ള യൂണിറ്റുകളിൽ പാലിക്കപ്പെടുന്നില്ല. മെറിറ്റ് ലിസ്റ്റിൽ സ്ഥാനം നേടിയ, യോഗ്യതയുടെ അടിസ്ഥാനത്തിൽ (മെറിറ്റിൽ) തന്നെ നിയമനം ലഭിക്കേണ്ട പിന്നാക്കക്കാരെ സംവരണത്തിൽ ഒതുക്കുകയും അങ്ങിനെ ജനറൽ സീറ്റ് മുഴുവൻ മുന്നാക്കസമുദായക്കാർ സംവരണം ചെയ്തെടുക്കുകയും ചെയ്യുന്ന പരിപാടിയാണ് ഫലത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. അസി. ഡെന്റൽ സർജൻ തസ്തികയിൽ 63 പേരെ നിയമിച്ചപ്പോഴേക്കും സംവരണ സമുദായക്കാർക്ക് ഏഴു സീറ്റുകൾ നഷ്ടമായത് റാങ്ക് ലിസ്റ്റ് നിയമനങ്ങളുടെ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട്.
ഒ.സി. എന്നത് സംവരണേതര വിഭാഗങ്ങൾക്ക് മാത്രമായുള്ളതാണെന്ന ഒരു 'അബദ്ധ' ധാരണ പി.എസ്.സി. വച്ചുപുലർത്തുന്നുണ്ടോയെന്ന് സംശയിച്ചുപോകും. OC-യെന്നാൽ open competition (തുറന്ന മത്സര) വിഭാഗമാണ്. സംവരണ /സംവരണേതര വിഭാഗങ്ങൾക്ക് ഒരുപോലെ ഉയർന്ന മാർക്ക് നേടി മെറിറ്റിൽ ഇടം പിടിക്കാവുന്ന വിഭാഗം.
സംവരണേതര വിഭാഗങ്ങൾക്ക് 50% വരുന്ന OC കാറ്റഗറിയിൽ ഇടം പിടിച്ച് ജോലി നേടാൻ അവസരമുള്ളപ്പോൾ, നൂറുക്കണക്കിന് വരുന്ന വിവിധ പിന്നാക്ക വിഭാഗങ്ങൾക്ക് ('കേരളത്തിൽ സംവരണാവകാശമുള്ള 70-ൽപ്പരം ഓ.ബി.സി. ജാതികളും, 53 പട്ടിക ജാതിക്കാരും 35 പട്ടിക വർഗ്ഗക്കാരുമുണ്ട്') OC കാറ്റഗറിയിലും, ഒപ്പം തങ്ങളുടെ സംവരണ വിഭാഗത്തിലും ഇടംപിടിച്ച് (അഥവാ മെറിറ്റ് വഴിയും സംവരണം വഴിയും) ജോലി നേടാൻ അവസരമുണ്ട്. ഇതിൽ, സംവരണ വിഭാഗക്കാരുടെ മെറിറ്റ് വഴി ജോലി നേടാനുള്ള അവസരത്തെയാണ്, നിലവിലുള്ള നിയമന രീതിയിലൂടെ പി.എസ്.സി. അട്ടിമറിക്കുന്നത്. എന്നാൽ 'പട്ടിക ജാതി, പട്ടിക വർഗ്ഗ, മറ്റു പിന്നാക്ക വർഗ്ഗ (ഓ.ബി.സി.) ഉദ്യോഗാർത്ഥികൾക്കും മെറിറ്റ് നിയമനത്തിന് അർഹതയുണ്ടെന്നും അങ്ങിനെ അവർക്ക് മെറിറ്റിൽ നിയമനം കിട്ടിയെന്നു കരുതി അവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അത് ബാധിക്കരുതെന്നും നിയമം അനുശാസിക്കുന്നു.' പക്ഷെ, 'ഒന്നാം റാങ്ക് കിട്ടിയ സംവരണ സമുദായ ഉദ്യോഗാർഥി പോലും സംവരണ ടേണിൽ തെരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളുണ്ട്'.
നിയമങ്ങളിലെ സംവരണം മിക്കപ്പോഴും പാലിക്കപ്പെടുന്നതിനാൽ മെറിറ്റ് നഷ്ടം എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്നതും, പി.എസ്.സിയാകുമ്പോൾ നിയമന കാര്യങ്ങൾ കൃത്യമായും വെടിപ്പായും നടന്നുകൊള്ളുമെന്നുള്ള ‘മാമൂൽ’ ധാരണയുമാവാം ഇതിനു കാരണം.
2000-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ജോലി ചെയ്യുന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജ. നരേന്ദ്രൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട്, സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ 7 സംവരണ സമുദായങ്ങള്‍ക്ക് 10 വര്‍ഷത്തിനിടെ 18525 തസ്തികകള്‍ നഷ്ടമായെന്ന് കണ്ടെത്തുകയുണ്ടായി. മുസ്ലിം സമുദായത്തിന് മാത്രം 7383 തസ്തികകളുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. തുടര്ന്നു സ്പെഷ്യൽ റിക്രൂട്ട്മെന്റിനു വേണ്ടിയും (അതിനെതിരായും) ഉയർന്ന മുറവിളികൾ ഓർക്കുക. (പ്രശ്ന പരിഹാരത്തിന് ഒത്തുതീർപ്പ് ഫോർമുലയായി അവതരിപ്പിക്കപ്പെട്ട നിയമ ഭേദഗതി മുസ്ലിം സമുദായത്തിന് തന്നെ എങ്ങിനെ ദോഷകരമായി ഭവിച്ചു എന്നും സുദേഷ് വിശദീകരിക്കുന്നുണ്ട്.)
നരേന്ദ്രൻ കമ്മീഷൻ കണ്ടെത്തിയ ബാക് ലോഗിനേക്കാളും ഭീമമായ നഷ്ടം കാലങ്ങളായുള്ള മെറിറ്റ് നിയമന അപാകതയിലൂടെ സംവരണ വിഭാഗങ്ങൾക്ക് സംഭവിച്ചിട്ടുണ്ടാവും! എന്നാലോ, ഗ്രന്ഥകാരനെപ്പോലുള്ളവർ വർഷങ്ങളായി നിരന്തരം എഴുതിക്കൊണ്ടിരുന്നിട്ടും, സുപ്രീം കോടതിയിൽ വരെ എത്തിയ കേസ് നടന്നിട്ടും നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നേടിയ ശ്രദ്ധയുടെ ഒരംശംപോലും ഈ വിഷയത്തിൽ സംവരണ സമുദായങ്ങളിൽനിന്നും ഉണ്ടാവുന്നില്ലെന്നതാണ് യാഥാർഥ്യം. നിയമങ്ങളിലെ സംവരണം മിക്കപ്പോഴും പാലിക്കപ്പെടുന്നതിനാൽ മെറിറ്റ് നഷ്ടം എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്നതും, പി.എസ്.സിയാകുമ്പോൾ നിയമന കാര്യങ്ങൾ കൃത്യമായും വെടിപ്പായും നടന്നുകൊള്ളുമെന്നുള്ള 'മാമൂൽ' ധാരണയുമാവാം ഇതിനു കാരണം. അപൂർവ്വം ചില സന്ദർഭങ്ങളിലൊഴികെ, വിഷയം സജീവമാക്കി നിർത്തുന്നതിലും കൃത്യമായ ഒരു പരിഹാരം ആവശ്യപ്പെടുന്നതിലും സംവരണ സമുദായങ്ങളുടെ ഭാഗത്തുനിന്നും രാഷ്ട്രീയമായ തുടർച്ച ഉണ്ടാവുന്നില്ല.
വിഷയം ശാസ്ത്രീയമായും ആക്ഷേപരഹിതമായും എങ്ങിനെ പരിഹരിക്കാനാവുമെന്നതിനെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് ഗ്രന്ഥകാരൻ സമർപ്പിക്കുന്നുണ്ട്. ശാസ്ത്രീയമായ നിയമന രീതിയിലൂടെ പി.എസ്.സി. നിയമനത്തിൽ നിലവിലുള്ള അപാകം പരിഹരിക്കാവുന്നതേയുള്ളൂ: 'ആദ്യത്തെ യൂണിറ്റുകളിൽ സംവരണ ടേണിൽ തെരഞ്ഞെടുക്കപ്പെട്ട സംവരണ സമുദായ ഉദ്യോഗാർത്ഥിയുടെ മെറിറ്റ് ടേൺ പിന്നീടുള്ള യൂണിറ്റുകളിൽ വരികയാണെങ്കിൽ ആ ടേണിൽ ഇപ്പോൾ ചെയ്യുന്നതുപോലെ നിയമനം ലഭിക്കാത്ത തൊട്ടടുത്ത ഉദ്യോഗാർഥിയെ സമുദായ പരിഗണനയൊന്നും നോക്കാതെ തിരഞ്ഞെടുക്കാൻ പാടില്ല. മറിച്ച് ആ ടേണിൽ ആ സമുദായത്തിൽ / ഗ്രൂപ്പിൽ പെട്ട, നിയമനം ലഭിക്കാത്ത തൊട്ടടുത്ത ഉദ്യോഗാർഥിയെ മാത്രമേ തിരഞ്ഞെടുക്കാവൂ. ആദ്യത്തെ സംവരണ ടേൺ മെറിറ്റ് ടേൺ ആയും ഇപ്പോഴത്തെ മെറിറ്റ് ടേൺ അതാതു സംവരണ ടേണായും പരിവർത്തനം ചെയ്യണമെന്നർത്ഥം. അതൊരു തുടർ പ്രക്രിയയും ആയിരിക്കണം.'
ജനറൽ മെറിറ്റിലുള്ളവർക്ക് സംവരണ ടേണിൽ നിയമനം നൽകിയതിനാൽ തങ്ങൾക്ക് നിയമനം ലഭിച്ചില്ലെന്ന പരാതിയുമായി 2006-ൽ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് മുൻനിർത്തി ഡോ. ബീർ മസ്താൻ, ഡോ. ഷംല പടിയത്ത് എന്നിവർ ഹൈക്കോടതിയിൽ കേസിനു പോവുകയുണ്ടായി. റൊട്ടേഷൻ ടേൺ തയ്യാറാക്കിയപ്പോൾ ഒന്നാം റാങ്കുകാരനെപ്പോലും സംവരണ ടേണിലാണ് നിയമിച്ചതെന്ന് വെളിപ്പെട്ടു..! കേസിൽ സിംഗിൾ ബെഞ്ചും, തുടർന്ന് എൻ.എസ്.എസിനൊപ്പം പി.എസ്.സി. അപ്പീലിന് പോയപ്പോൾ ഡിവിഷൻ ബഞ്ചും ഹരജിക്കാർക്ക് അനുകൂലമായി വിധിക്കുകയാണുണ്ടായത്.
എന്നാൽ എൻ.എസ്.എസ്സാകട്ടെ, യോഗ്യരായ വക്കീലന്മാരുടെ ഒരു സംഘവുമായി സുപ്രീം കോടതിയിൽ പോയി. ഹൈക്കോടതിയുടെ കൃത്യമായ അനുകൂല വിധിയുണ്ടായിട്ടും, കേസ് എത്തിയത് ജസ്റ്റിസ് കഡ്ജുവിനെപ്പോലൊരു പ്രഗത്ഭനു മുന്നിലായിട്ടും, സുപ്രീം കോടതിയിൽ സംവരണ സമുദായങ്ങൾക്കായി കേസ് വേണ്ടുംവിധം വാദിക്കാൻ ആളുണ്ടായില്ല! കോടതിയെ ബോധ്യപ്പെടുത്താനാവാത്തതിനാൽ സുപ്രീം കോടതിയിൽ വിധി പ്രതികൂലമാവുകയായിരുന്നു. വിഷയത്തിൽ പിന്നാക്ക / സംവരണ സാമുദായങ്ങൾക്കുള്ള വിവരക്കുറവിനും, തന്മൂലമുണ്ടായ അനാസ്ഥയ്ക്കും ഇതിൽപ്പരം സാക്ഷ്യമെന്തിന്..! (അതുകൊണ്ടുതന്നെ, തീർച്ചയായും സംവരണ സാമുദായങ്ങൾക്കു ഈ കൃതി ഒരു കൈപ്പുസ്തകമാക്കാം..!)
എന്നാൽ എൻ.എസ്.എസ്സാകട്ടെ, യോഗ്യരായ വക്കീലന്മാരുടെ ഒരു സംഘവുമായി സുപ്രീം കോടതിയിൽ പോയി. ഹൈക്കോടതിയുടെ കൃത്യമായ അനുകൂല വിധിയുണ്ടായിട്ടും, കേസ് എത്തിയത് ജസ്റ്റിസ് കഡ്ജുവിനെപ്പോലൊരു പ്രഗത്ഭനു മുന്നിലായിട്ടും, സുപ്രീം കോടതിയിൽ സംവരണ സമുദായങ്ങൾക്കായി കേസ് വേണ്ടുംവിധം വാദിക്കാൻ ആളുണ്ടായില്ല!
സംവരണത്തിന്റെ മറവിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള മെറിറ്റ് അട്ടിമറിക്കപ്പെടാതിരിക്കാൻ, സങ്കീർണ്ണമായ ഈ വിഷയം നീതിയുക്തം പരിഹരിക്കാൻ, ഗ്രന്ഥകർത്താവിനെപ്പോലെ വിഷയത്തിൽ പാണ്ഡിത്യവും പരിചയ സമ്പത്തുമുള്ള വ്യക്തിത്വങ്ങളുടെ സേവനം പി.എസ്.സി. ഉപയോഗപ്പെടുത്തുക എന്നതാവും ഏറ്റവും കരണീയമായിട്ടുള്ളത്. ഒപ്പം, പി.എസ്.സി. നിയമനം ശാസ്ത്രീയമാകുംവിധം നിയമ നിർമ്മാണം നടത്താൻ, ആവശ്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടാവാൻ, പിന്നാക്ക വിഭാഗങ്ങൾ അവരുടെ രാഷ്ട്രീയ ശക്തി ഉപയോഗിക്കണം.
ജസ്റ്റിസ് കെ. സുകുമാരന്റെ പ്രൗഢമായ അവതാരികയുമുണ്ട്. ഈ വിഷയത്തിൽ ഒരുപാട് പോരാട്ടങ്ങൾ നടത്തിയ പ്രൊഫ. കെ.എം. ബഹാവുദ്ദീനാണ് കൃതി സമർപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പകുതിയോളം ഭാഗം അനുബന്ധങ്ങളാണെന്നതുതന്നെ, ഈ പുസ്തക രചനയ്ക്കുപിന്നിലുള്ള ഗ്രന്ഥകർത്താവിന്റെ സമർപ്പണവും അധ്വാനവും വ്യക്തമാക്കുന്നു.
കോഴിക്കോട് 'അദർ ബുക്സ്' ആണ് പ്രസാധകർ