മാൻ ബുക്കർ പുരസ്കാരം അറേബ്യൻ സാഹിത്യകാരി ജൂഖ അൽഹാര്സിക്ക്

മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയാണ് ജൂഖ

Update: 2019-05-22 06:58 GMT
Advertising

അറേബ്യൻ സാഹിത്യകാരി ജൂഖ അൽഹാര്സിക്ക് 2019ലെ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരം. 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അറബ് സാഹിത്യകാരിയും ഇംഗ്ലീഷിലേക്ക് പുസ്തകം വിവർത്തനം ചെയ്യുന്ന ആദ്യ ഒമാൻ എഴുത്തുകാരിയുമാണ് ജൂഖ.

തനിക്ക് കിട്ടിയ സമ്മാനത്തുക നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മെർലിൻ ബൂത്തുമായി പങ്കുവെക്കുമെന്ന് ജൂഖ അറിയിച്ചു. 44 ലക്ഷം (50,000 പൗണ്ട്) രൂപയാണ് ലഭിച്ചത്. ജൂഖയെ കൂടാതെ ആനി എർനാസ് (ഫ്രാൻസ്), മരിയൻ പോഷ്മാൻ (ജർമനി), ഓൾഗ ടൊകാർചക് (പോളണ്ട്), ജുവാൻ ഗബ്രിയേൽ വാസ്ക്വുസ് (കൊളംബിയ), ആലിയ ട്രബൂക്കോ സെറൻ (ചിലി) എന്നിവരാണ് ആറംഗ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടത്.

ഒമാൻ പശ്ചാത്തലമാക്കി അധിനിവേശ കാലത്തിന് ശേഷമുള്ള മൂന്ന് ഒമാനി സഹോദരിമാരുടെ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. ഒമാനിലെ ഗ്രാമമായ അൽ അവാഫിയിലെ മയ്യ, അസ്മ, ഖൗല എന്നീ സഹോദരിമാരാണ് നോവലിലെ കഥാപാത്രങ്ങൾ.

സമ്പന്നമായ അറബ് സംസ്കാരത്തിന് വാതിൽ തുറന്നുകിട്ടിയതിൽ സന്തോഷമുണ്ടെന്ന് 40കാരിയായ ജൂഖ പുരസ്കാരം വാങ്ങിയ ശേഷം പ്രതികരിച്ചു. 2010ൽ പ്രസിദ്ധീകരിച്ച ‘ലേഡീസ് ഓഫ് ദി മൂൺ’ ആണ് ജൂഖ അൽഹാര്സിയുടെ ആദ്യ പുസ്തകം.

നൊബേൽ കഴിഞ്ഞാൽ ലോകത്ത് ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന വലിയ പുരസ്കാരമാണ് മാൻ ബുക്കർ പുരസ്കാരം. ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

പുരസ്ക്കാര പട്ടികയില്‍ ഇടം പിടിച്ച 13 പേരില്‍ എട്ട് സ്ത്രീകളാണുണ്ടായിരുന്നുത്. 12 രാജ്യങ്ങളില്‍ നിന്നും ഒമ്പത് ഭാഷകളിലായി തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് ആറ് പേരുടെ ചുരുക്കപട്ടിക തയാറാക്കിയത്.

Tags:    

Similar News